കോവിഡ്കാലമായിരുന്നില്ലെങ്കിൽ ഈ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന കേരളത്തിെൻറ രാജ്യാന്തര ചലച്ചിത്ര മേളയിൽ കിം കി ഡുക്കിെൻറ സിനിമയുമുണ്ടായേനെ. 'ടാഗോറി'നും 'കൈരളി'ക്കും മുന്നിലെ റോഡുമുറിച്ചും നീളുന്ന ക്യൂവിൽനിന്ന് ഡെലിഗേറ്റുകൾ പലകാലങ്ങളിൽ കണ്ട കിം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചേനെ. മലയാളിക്ക് അത്രയും പ്രിയപ്പെട്ട ചലച്ചിത്രമേളക്കമ്പമായിരുന്നു െവള്ളിയാഴ്ച കോവിഡ് ബാധയെ തുടർന്ന് ലാത്വിയയിൽ അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്. തെൻറ 60ാം പിറന്നാളിന് വെറും ഒമ്പതു ദിവസം ബാക്കി നിൽക്കെ മടക്കം.
ഡിസംബറിൽ ചലച്ചിത്ര പ്രേമികൾ തിരുവനന്തപുരത്തേക്ക് വണ്ടികയറുന്ന ചലച്ചിത്ര മേളയിൽ അവർ ഹാൻഡ് ബുക്കിൽ തിരഞ്ഞ ആദ്യ പേര് കിമ്മിെൻറതായിരുന്നു. ഷെഡ്യൂളുകളിൽ ആദ്യം പരതിയിരുന്നത് കിം സിനിമകളുടെ ഷോ ടൈം. പൊരിവെയിലിൽ മണിക്കൂറുകൾ ക്യൂ നിന്നും നിന്നുതിരിയാൻ ഇടമില്ലാത്ത തിയറ്ററിെൻറ തറയിലിരുന്നും കണ്ടത് എത്രയോ സിനിമകൾ.
ലോക സിനിമയുടെ തിരശ്ശീലയിൽ അത്രയൊന്നും പതിയാതെ പോയ കൊറിയൻ സിനിമകളുടെ ദൃശ്യാതിശയങ്ങൾ ആദ്യമായി പ്രദർശിപ്പിച്ചത് കിം കി ഡുക് ആയിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ഏതാണ്ട് സ്കൂൾ തലത്തിൽതന്നെ ഉപേക്ഷിച്ച് ഡ്രോപ് ഔട്ടായ കിം ഒരർഥത്തിൽ കൊറിയൻ സിനിമയുടെ ബ്രാൻഡ് അംബാസഡർ ആവുകയായിരുന്നു. 1960 ഡിസംബർ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോങ്വയിൽ ജനിച്ച കിം 1990ൽ പാരിസിൽ ഫൈൻ ആർട്സ് പഠിക്കാൻ പോയ വഴിയിലായിരുന്നു സിനിമ മനസ്സിൽ കയറിയത്. '96ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ തിരക്കഥ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത് കിമ്മിന്. സിനിമതന്നെയാണ് തെൻറ തട്ടകം എന്നുറപ്പിക്കാൻ ആ സമ്മാനം തുണയായി. ഗുരുക്കന്മാരില്ലാതെയായിരുന്നു കിമ്മിെൻറ സിനിമ പ്രവേശനം. തൊട്ടടുത്ത വർഷം കിം സിനിമയിൽ തെൻറ മുദ്ര പതിപ്പിച്ചു. 'ക്രോക്കോഡൈൽ'എന്ന ആദ്യ ചിത്രത്തിലൂടെ സംവിധായക പ്രതിഭയുെട വരവറിയിച്ചു.
തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത ഏഴ് സിനിമകളും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. ദ ഐൽ, ബാഡ് ഗയ്, കോസ്റ്റ് ഗാർഡ് എന്നീ ആദ്യകാല ചിത്രങ്ങൾ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിലുണ്ട്.
2003ലായിരുന്നു ആ മായിക ചിത്രം പുറത്തുവന്നത്, 'സ്പ്രിങ്, സമ്മർ, ഫാൾ, വിൻറർ ആൻഡ് സ്പ്രിങ്'. അതുവരെ കാണാത്തൊരു മനോഹര തിരകാവ്യം. തടാകത്തിനു നടുവിലെ ബുദ്ധവിഹാരവും അതിനു ചുറ്റുമുള്ള ഋതുഭേദങ്ങളിലും മനുഷ്യജീവിതത്തിെൻറ വളർച്ചയെ ഒരു സെൻ ബുദ്ധിസ്റ്റ് കാഴ്ചപ്പാടിലൂടെ കിം ദൃശ്യപ്പെടുത്തി. 2005ൽ തിരുവനന്തപുരം ഫെസ്റ്റിവലിൽ കിമ്മിെൻറ അഞ്ച് സിനിമകളുടെ പ്രത്യേക പാക്കേജിെൻറ അവതരണത്തിലൂടെയായിരുന്നു അദ്ദേഹം മലയാളികളിലേക്ക് ആവേശിക്കപ്പെട്ടത്. പിന്നെ ഓരോ വർഷവും കിം സിനിമകൾക്കായ കാത്തിരിപ്പുകൂടിയായി കേരള ചലച്ചിത്രോത്സവം.
ആദ്യകാല സിനിമകളിൽനിന്ന് കുതറിമാറുന്ന ചിത്രങ്ങളുടെ വരവായിരുന്നു പിന്നീട്. അടിസ്ഥാനപരമായി താനൊരു ബുദ്ധിസ്റ്റാണെന്ന് പ്രഖ്യാപിക്കുമ്പോഴും സെക്സിെൻറയും വയലൻസിേൻറയും അങ്ങേയറ്റത്തേക്ക് കിം കടന്നുചെന്നും. ചില ഘട്ടങ്ങളിൽ അത് അറപ്പുളവാക്കുന്ന നിലവരെയെത്തി. വാസ്തവത്തിൽ പുറംമാന്യത ഭാവിച്ച മനുഷ്യർ ഉള്ളിൽ അടക്കിവെച്ച എല്ലാ കാമനകളെയും കിം എടുത്ത് വെള്ളിത്തിരയിലലക്കി. ഓരോ മനുഷ്യെൻറയും വരുതിയിൽ നിൽക്കാത്ത അയാളുടെ ഉള്ളിലെ മറ്റൊരു മനുഷ്യനെയായിരുന്നു കിം അന്വേഷിച്ചത്. അവനവെൻറയുള്ളിലെ ഭൂഖണ്ഡങ്ങളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ സങ്കീർണതകൾ കിമ്മിെൻറ ഇഷ്ടവിഷയമായി. ആത്മപീഡനത്തിെൻറ പരകോടികളായിരുന്നു പല ചിത്രങ്ങളും. 2013ൽ തന്നെ ഏറെ സ്നേഹിക്കുന്ന പ്രേക്ഷകരെ നേരിൽ കാണാൻ കിം തിരുവനന്തപുരത്ത് ഫെസ്റ്റിവലിലെ മുഖ്യാതിഥിയായെത്തി.
അരാഷ്ട്രീയത കിമ്മിൽ ആരോപിച്ച ഒരു കുറ്റമായിരുന്നുവെങ്കിൽ 2016ൽ ആ പാപഭാരം കിം കഴുകിക്കളഞ്ഞു. ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിൽ പെട്ടുപോയ ഒരു മീൻപിടിത്തക്കാരെൻറ ജീവിതത്തിലൂടെ അതിർത്തികളിൽ മനുഷ്യനെ തടഞ്ഞുനിർത്തുന്ന ലോകത്തോട് കിം തിരശ്ശീലയിലൂടെ കലഹിച്ചു. 2018ൽ 'ഹ്യൂമൺ, സ്പേസ്, ടൈം ആൻഡ് ഹ്യൂമൺ' എന്ന ചിത്രവുമായി വീണ്ടും മേളയുടെ ആകർഷണമായി.
2019ൽ പുറത്തിറങ്ങിയ 'ഡിസോൾവ്' ആണ് കിമ്മിെൻറ ഒടുവിലത്തെ സിനിമ. മറ്റൊരു ചിത്രത്തിെൻറ പണിപ്പുരയിലായിരിക്കെയാണ് കിമ്മിനെ ലോകം വിറപ്പിച്ച കോവിഡിെൻറ രൂപത്തിൽ വിധി അപഹരിച്ചുകളഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.