മുംബൈ: ആ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ സംസാര വിഷയം മുഴുവൻ ഇന്ദിരാഗാന്ധിയായുള്ള നടി ലാറ ദത്തയുടെ ഗംഭീര വേഷപ്പകർച്ചയെക്കുറിച്ചാണ്. അക്ഷയ് കുമാര്‍ നായകനാകുന്ന 'ബെൽ ബോട്ടം' സിനിമയുടെ ട്രെയിലറാണ് ലാറയുടെ തകർപ്പൻ മേക്ക് ഓവർ കൊണ്ട് ശ്രദ്ധയാകർഷിക്കുന്നത്. ആഗസ്റ്റ് 19നാണ് സിനിമയുടെ റിലീസ്.
ത്രീഡി ഫോര്‍മാറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അക്ഷയിനും ലാറക്കും പുറമെ വാണി കപൂര്‍, ഹുമ ഖുറൈഷി എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. ഇന്ദിരാഗാന്ധിയുമായി അതിശയിപ്പിക്കുന്ന സാമ്യതയാണ് ചിത്രത്തിൽ ലാറക്കുള്ളത്. ഹെയർ സ്റ്റൈൽ മുതൽ മേക്കപ് വരെ മികച്ചുനിന്നപ്പോൾ ട്രെയിലറിൽ പലർക്കും അത് ലാറയാണെന്ന് ആദ്യനോട്ടത്തിൽ മനസ്സിലായില്ല.
'ഇന്ദിരാ ഗാന്ധിയെ പോലെ മാതൃകാ വനിതയായ ഒരാളെ അവതരിപ്പിക്കുകയെന്നത് എന്നെ സംബന്ധിച്ച് മഹത്തായ ഉത്തരവാദിത്തമായിരുന്നു. എല്ലാവരും തിയറ്ററിൽപോയി സിനിമ കാണുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അവരുടെ ശരീരഭാഷ പിഴവു കൂടാതെ പകർത്തുകയെന്നതായിരുന്നു പ്രധാനം. ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ ഒരു വിമാന റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് 'ബെൽ ബോട്ടം'പറയുന്നത്. അത്തരമൊരു സന്ദർഭത്തിൽ അതിനാടകീയതകളൊന്നുമില്ലാതെ അവരെ തനതുശൈലിയിൽ അവതരിപ്പിക്കുകയെന്നത് മുഖ്യമായിരുന്നു. ഏറെ ആസ്വദിച്ചാണ് ഞാനത് ചെയ്തത്' -ലാറ ദത്ത പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരത്തിനായി ഒരുപാട് ഹോംവർക്ക് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ലഖ്നോ സെന്‍ട്രല്‍, ഡി-ഡേ, ഹീറോ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ രഞ്ജിത് തിവാരിയാണ് ബെൽബോട്ടത്തിന്റെ സംവിധായകൻ. സ്വിറ്റ്സര്‍ലൻഡായിരുന്നു പ്രധാന ലൊക്കേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.