മുംബൈ: റിവോൾവർ പരിശോധിക്കുന്നതിനിടെ നടൻ ഗോവിന്ദക്ക് വെടിയേറ്ററ സംഭവത്തിൽ ദുരൂഹതയുണർത്തി ചോദ്യങ്ങൾ. തോക്ക് പരിശോധിച്ചതിന് ശേഷം കബോർഡിൽ വെക്കാൻ ഒരുങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ് വെടിപൊട്ടിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിശദീകരണം. എന്നാൽ കൈയിൽ നിന്നും നിലത്തേക്ക് തോക്കുവീണാൽ ട്രിഗർ വലിക്കാതെ ഒരിക്കലും അത് പൊട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്.
തോക്കുകൾക്ക് സേഫ്റ്റി കാച്ച് ഉണ്ടായിരിക്കെ വെടിപൊട്ടില്ല. കബോർഡിൽ എടുത്ത് വെക്കാൻ ഒരുങ്ങിയ തോക്കിന് സേഫ്റ്റി കാച്ച് ഇട്ടിട്ടില്ലെങ്കിൽ അത് ഗോവിന്ദയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവാണെന്നും ബാലിസ്റ്റിക് വിദഗ്ധർ വാദിക്കുന്നുണ്ട്. സേഫ്റ്റി കാച്ച് ഇല്ലെങ്കിൽ പോലും അബദ്ധത്തിൽ തോക്ക് താഴെ വീണാൽ ട്രിഗർ ഗാർഡ് വെടിപൊട്ടുന്നതിൽ നിന്നും സംരക്ഷണം നൽകും.
അബദ്ധത്തിലാണ് തോക്ക് പൊട്ടിയതെന്ന തിയറി അംഗീകരിക്കുകയാണെങ്കിൽ പോലും കാലിന് തന്നെ വെടിയേൽക്കാനുള്ള സാധ്യതയെ കുറിച്ചും വിദഗ്ധർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതേസമയം, ഗോവിന്ദക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും ഇതിനായി നടൻ കൗൺസിലിങ്ങുകളിൽ പങ്കെടുത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
തോക്ക് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് നടൻ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവാഴ്ച പുലർച്ചെ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ലൈസൻസുള്ള തന്റെ റിവോൾവർ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഒരു പരിപാടിക്കായി അദ്ദേഹം കൊൽക്കത്തയിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കൈയിൽ നിന്ന് തെന്നി വീഴുകയായിരുന്നു.
മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഗോവിന്ദ അപകടനില തരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.