പറ്റെവെട്ടിയ മുടി, ചെവിക്ക് താഴേക്ക് നീട്ടിയിറക്കിയ കൃതാവ്, കനലെരിയുന്ന കണ്ണുകള്‍, കട്ടകലിപ്പിൽ ഇരട്ട കുഴൽ തോക്ക് ചൂണ്ടി നിൽക്കുകയാണ് സെക്രട്ടറി അവറാൻ... ആഷിക്ക് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്' അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന ദിലീഷ് പോത്തന്‍റെ ക്യാരക്ടർ പോസ്റ്റർ നിമിഷ നേരം കൊണ്ട് ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. സഹസംവിധായകനായി, നടനായി, പിന്നീട് സംവിധായകനായി ഉയർന്ന ദിലീഷ് പോത്തൻ ഒട്ടേറെ സിനിമകളിൽ വില്ലനായും ക്യാരക്ടർ റോളുകളിലും ഹാസ്യ വേഷങ്ങളിലുമൊക്കെ എത്തിയിട്ടുണ്ട്. സെക്രട്ടറി അവറാൻ എന്ന കഥാപാത്രം ഏത് രീതിയിലുള്ളതായിരിക്കുമെന്നാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ചകള്‍.
പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. വാണി വിശ്വനാഥും ഒരു സുപ്രധാന വേഷഥ്തിൽ ചിത്രത്തിലുണ്ട്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്സ് വിജയൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.