'ഇതെനിക്കു സംവിധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നി'; 2022ലെ തന്റെ പ്രിയ സിനിമ വെളിപ്പെടുത്തി ലോകേഷ് കനകരാജ്

2022ലെ തന്റെ പ്രിയ സിനിമ വെളിപ്പെടുത്തി തമിഴ് സംവിധായകൻ ലോകേഷ് കനകരാജ്. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചാറ്റിൽ സംസാരിക്കുന്നതിനിടയിലാണ് ലോകേഷ് തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് പറഞ്ഞത്.കമൽ ഹാസൻ,എസ് എസ് രാജമ‌‌ൗലി, ഗൗതം വാസുദേവ് മേനോൻ, ലോകേഷ് കനകരാജ്, പൃഥ്വിരാജ് സുകുമാരൻ, സ്വപ്‌ന ദത്ത് എന്നിവരാണ് ചാറ്റിൽ പങ്കെടുത്തത്.


ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ, ഇന്ത്യൻ സിനിമയുടെ ഭാവി തുടങ്ങി ഒരുപാട് വിഷയങ്ങൾ റൗണ്ട് ടേബിളിൽ ചർച്ച ചെയ്തിരുന്നു. 2022ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് ഏതായിരുന്നു എന്ന അവതരാകയുടെ ചോദ്യത്തിനും അതിഥികൾ മറുപടി നൽകി.

അതിലാണ് മാസ് സംവിധായകനായി അറിയപ്പെടുന്ന ലോകേഷിനു ഇഷ്ടമായത് മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായ 'തല്ലുമാല'യാണെന്ന് പറഞ്ഞത്. 'മലയാള ചിത്രമായ തല്ലുമാല ഞാൻ 3-4 തവണ കണ്ടു. ഒരോ ഷോട്ടും കണ്ടപ്പോൾ ഇതെനിക്കു സംവിധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നി'- ലോകേഷ് പറഞ്ഞു. രാജമ‌ൗലി തന്റെ ഇഷ്ട ചിത്രമായി 'ജനഗണമന'യും 'വിക്ര'വും പറഞ്ഞപ്പോൾ ഗൗതം മേനോൻ പറഞ്ഞത് 'തിരുചിത്രമ്പല'മാണ്. കമൽ ഹാസൻ, പൃഥ്വിരാജ്, സ്വപ്ന ദത്ത് എന്നിവർ 'കാന്താര'യാണ് തിരഞ്ഞെടുത്തത്.


ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'തല്ലുമാല'സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രം ആഗസ്റ്റ് 12 നാണ് റിലീസിനെത്തിയത്.

തമിഴ് മാസ് ചിത്രങ്ങളുടെ സംവിധായകനാണ് ലോകേഷ് കനകരാജ്. കമലഹാസൻ കേന്ദ്ര കഥാപാത്രമായെത്തിയ 'വിക്ര'മാണ് ലേകേഷ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ബോക്സ് ഓഫിസിൽ വൻ ഹിറ്റായിരുന്ന ചിത്രത്തിൽ കമലഹാസനു പുറമെ ഫഹദ് ഫാസിൽ, നരേൻ, വിജയ്സേതുപതി, സൂര്യ, കാളിദാസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

Tags:    
News Summary - Lokesh Kanagaraj reveals his favorite movie of 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.