കൊച്ചി: മലബാർ സമരം ആധാരമാക്കി രാമസിംഹൻ എന്ന അലി അക്ബർ സംവിധാനം ചെയ്ത ചലച്ചിത്രം രണ്ടാമതും പുനഃപരിശോധന സമിതിക്ക് വിട്ട കേന്ദ്ര ഫിലിം സെൻസർ ബോർഡ് ചെയർമാന്‍റെ നടപടി ഹൈകോടതി റദ്ദാക്കി. ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് ഏഴ് മാറ്റത്തോടെ പ്രദർശനാനുമതി നൽകാമെന്ന ആദ്യപുനഃപരിശോധന സമിതിയുടെ ശിപാർശ നിലനിൽക്കെ വീണ്ടും സമിതിക്ക് വിട്ട നടപടി ചോദ്യം ചെയ്ത് രാമസിംഹൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്. സിനിമാട്ടോഗ്രാഫ് നിയമത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണ് ചെയർമാന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
ആദ്യശിപാർശ അംഗീകരിക്കുകയോ യോജിപ്പില്ലെങ്കിൽ വിഷയം സെൻസർ ബോർഡിന്‍റെ പരിഗണനക്ക് വിടുകയോ ചെയ്യേണ്ടതിന് പകരം രണ്ടാമത് മറ്റൊരു സമിതിയുടെ പരിഗണനക്ക് വിടാൻ ചെയർമാന് അധികാരമില്ലെന്നായിരുന്നു ഹരജിയിലെ വാദം. മറ്റൊരു സമിതി സിനിമ കാണേണ്ടതുണ്ടെങ്കിൽ തീരുമാനമെടുക്കേണ്ടത് ബോർഡാണ്.
ചിത്രം ആദ്യം കണ്ട സമിതി പ്രദർശനാനുമതി നൽകേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്നാണ് എട്ടംഗ പുനഃപരിശോധന സമിതിക്ക് വിട്ടത്. ഏഴ് മാറ്റത്തോടെ പ്രദർശനാനുമതി നൽകാമെന്ന നിലപാടാണ് അഞ്ചംഗങ്ങൾ സ്വീകരിച്ചത്. ഈ ശിപാർശ തള്ളിയാണ് പുതിയ സമിതിയുടെ പരിശോധനക്ക് അയച്ചത്. 12 മാറ്റങ്ങൾ വേണമെന്നാണ് രണ്ടാമത്തെ സമിതി മുന്നോട്ടുവെച്ചത്. ഇത് സിനിമയെ തന്നെ ബാധിക്കുമെന്നും ഹരജിക്കാരൻ വാദിച്ചു.
ആദ്യ സമിതിയിൽ ചരിത്ര പണ്ഡിതനുണ്ടായിരുന്നെങ്കിൽ രണ്ടാമത് രൂപവത്കരിച്ച സമിതിയിൽ അത്തരത്തിലുള്ള വിദഗ്ധരില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.