നയൻതാരയോട് ബഹുമാനവും ആരാധനയുമാണെന്ന് നടി മാളവിക മോഹനൻ. ലേഡി സൂപ്പർ സ്റ്റാർ വിശേഷണത്തിൽ നടി നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രതികരണം. താൻ പറഞ്ഞത് നടിമാരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദത്തെ കുറിച്ചാണ്. അല്ലാതെ ഏതെങ്കിലും താരത്തെ കുറിച്ചല്ല- മാളവിക വ്യക്തമാക്കി.
ക്രിസ്റ്റി സിനിമയുമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടിമാരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിൽ അതൃപ്തി നടി രേഖപ്പെടുത്തിയിരുന്നു. ലേഡിസൂപ്പർ സ്റ്റാറിന് പകരം സൂപ്പർ സ്റ്റാർ എന്ന് വിളിക്കാനാണ് മാളവിക പറഞ്ഞത്.
'ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന സാഹചര്യം ഉണ്ടാകണം. ലേഡി സൂപ്പർസ്റ്റാർ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുകോൺ, ആലിയാ ഭട്ട്, കത്രീന കൈഫ് എന്നിവരെയെല്ലാം സൂപ്പർ സ്റ്റാർ എന്നല്ലേ വിളിക്കുന്നത്'- മാളവിക ചോദിക്കുന്നു. നടിയുടെ വാക്കുകൾ നയൻതാര ആരാധകരെ ചൊടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് നടി. വിമർശനം കനത്തതോടെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 'തന്റെ കമന്റ് നടിമാരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദത്തെ കുറിച്ചാണ്. അല്ലാതെ ഏതെങ്കിലുമൊരു താരത്തെ പറ്റിയല്ല . ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയാണ് നയൻതാര. സീനിയർ എന്ന നിലയിൽ അവരുടെ അവിശ്വസനീയമായ യാത്രയെ നോക്കികാണുന്നു. ദയവായി ആളുകൾക്ക് സമാധാനിക്കൂ- മാളവിക ട്വിറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.