മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകരിലൊരാളായ തൃശൂർ പൂങ്കുന്നം വടാശ്ശേരി വീട്ടിൽ 'മമ്മൂട്ടി സുബ്രൻ' എന്ന സുബ്രഹ്മണ്യൻ നിര്യാതനായി. മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കാൻ 16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളെടുത്തും ശങ്കരംകുളങ്ങര അമ്പലത്തിന്‍റെ ജംഗ്ഷനിലെ ആലിൻ ചുവട്ടിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ ഫോട്ടോയും വെച്ച് പൂജിച്ചും വാർത്തകളിൽ ഇടംപിടിച്ചയാളാണ് ചുമട്ടുതൊഴിലാളിയായ സുബ്രൻ. മമ്മൂട്ടിയോടുള്ള ഭ്രാന്തമായ ആരാധന കണ്ട് നാട്ടുകാർ ഇട്ട വിളിപ്പേരാണ് 'മമ്മൂട്ടി സുബ്രൻ'. ശനിയാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് സുബ്രനെ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചത്. അവിടെ എത്തിച്ച് അൽപസമയത്തിനുള്ളിൽ മരിക്കുകയും ചെയ്തു.
16ാം വയസ്സിൽ സിനിമ കണ്ടുതുടങ്ങിയ കാലം മുതൽ മമ്മൂട്ടി മാത്രമാണ് സുബ്രഹ്മണ്യന്‍റെ മനസ്സിൽ. പകൽ മുഴുവൻ ചുമട് എടുത്തുകിട്ടുന്ന പണം മുഴുവൻ വൈകുന്നേരങ്ങളിൽ മമ്മൂട്ടി സിനിമ കാണാനാണ് സുബ്രൻ വിനിയോഗിച്ചിരുന്നത്. 'ഒരു വടക്കൻ വീരഗാഥ' 96 തവണയും 'അമരം' 73 തവണയും 'മൃഗയ' 30 തവണയുമൊക്കെ കണ്ടു. ചില സിനിമകൾ മൂന്നു ഷോയും അടുപ്പിച്ചു കണ്ടിട്ടുണ്ട്. ഒരു സിനിമക്ക് ഒരാഴ്ചത്തേക്ക് ബുക്ക് ചെയ്യാൻ ചെന്നപ്പോൾ തിയേറ്റർ മാനേജർ സമ്മതിക്കാഞ്ഞതിനെ തുടർന്ന് സുബ്രൻ വഴക്കുണ്ടാക്കിയ കഥയും നാട്ടുകാർക്ക് പറയാനുണ്ട്.
ചെന്നൈയിൽ പോയി നഗരത്തിൽ അലഞ്ഞുനടന്നു വീട് കണ്ടുപിടിച്ച് മമ്മൂട്ടിയെ കണ്ടിട്ടുണ്ട് സുബ്രൻ. കാവൽക്കാർ അകത്തുകയറ്റിവിടാഞ്ഞപ്പോൾ ബഹളം െവച്ചതിനെ തുടർന്ന് മമ്മൂട്ടി നേരിട്ടെത്തുകയും സുബ്രനെ കാണുകയുമായിരുന്നു. കൊച്ചിയിലെയും ചെമ്പിലെയും മമ്മൂട്ടിയുടെ വീടുകളിൽ സ്ഥിരം സന്ദർശകനുമായിരുന്നു. മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനിലും പതിവായി പോയിരുന്നു. മികച്ച അഭിനയത്തിന് രണ്ടുതവണ മമ്മൂട്ടിക്ക് സുബ്രൻ ഉപഹാരവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.