മലയാള സിനിമയിൽ കാമറകളോടും ഫോട്ടോഗ്രഫിയോടും ഏറെ താൽപര്യമുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ലോക്ഡൗൺ കാലത്ത് താൻ സ്വന്തമാക്കിയ വില കൂടിയ കാമറയെ കുറിച്ച് ആവേശത്തോടെ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പല പ്രമുഖരുടെയും ചിത്രങ്ങൾ പലപ്പോഴായി മമ്മൂട്ടി പകർത്തിയിട്ടുണ്ട്. എന്നാൽ, ഇത്തവണ മമ്മൂട്ടിയുടെ മോഡലായത് സാക്ഷാൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറാണ്.
മഞ്ജു ഇന്ന് സമൂഹ മാധ്യമങ്ങളിൽ തന്റെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഇതൊരു നിധിയാണ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ സൂപ്പർഹിറ്റ് ചിത്രമായ 'ദ പ്രീസ്റ്റി'ന്റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി പകർത്തിയതായിരുന്നു. 'മലയാളസിനിമയിലെ തന്നെ ഏറ്റവും പ്രശസ്ത ഫൊട്ടോഗ്രാഫർ മമ്മൂക്കയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്നും ഈ ചിത്രങ്ങൾ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും' താരം കുറിച്ചു.
മഞ്ജു വാര്യർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വെള്ള ഷർട്ടും ബ്ലാക്ക് സ്കേർട്ടും അണിഞ്ഞ ചിത്രം വൈറലായിരുന്നു. നാൽപ്പതുകളിൽ നിൽക്കുന്ന താരം തീർത്തും ചെറുപ്പമായി കാണപ്പെട്ട ചിത്രത്തിന് താഴെ ലേഡി മമ്മൂട്ടിയെന്നും മറ്റും കമന്റ് ചെയ്തായിരുന്നു ഫാൻസ് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.