പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും, രാത്രി പക്കാ കള്ളൻ; വേലനായി ലിജോയുടെ മമ്മുക്ക​?

സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും നടൻ മമ്മൂട്ടിയും ഒന്നിക്കുന്ന ആദ്യ ചിത്രമായ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ കൂടുതൽ വിശേഷങ്ങൾ പുറത്ത്​. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ചില സൂചനകളാണ്​ പുറത്തുവന്നിരിക്കുന്നത്​. തനി സാധാരണക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ഇതുവരെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്ന്​ ഇക്കാര്യം വ്യക്​തമാണ്​.


ഉച്ചമയക്കം എന്നാണ്​ 'നന്‍പകല്‍ നേരത്ത് മയക്കം' എന്നതിന്​ അർഥം. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാൽ സിനിമയുടെ അണിയറക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പഴനിയിൽ ചിത്രത്തിന്‍റെ ഷൂട്ടിങ്​ പുരോഗമിക്കുകയാണ്​. പൂര്‍ണമായും തമിഴ്‌നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ കഥയും സംവിധായകൻ ലിജോയുടേതാണ്. എസ്. ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്.


മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോയുടെ 'ആമേൻ മൂവി മൊണാസ്ട്രിയും' ചേർന്നാണ് നിർമ്മിക്കുന്നത്. പേരൻപ്, പുഴു, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ് ക്യാമറ. രമ്യ പാണ്ട്യന്‍, അശോകൻ എന്നിവരാണ്​ മറ്റ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്‍റെ ഭീഷ്‍മപര്‍വ്വം, നവാഗത സംവിധായിക റത്തീനയുടെ പുഴു, സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയ്ക്കൊപ്പം തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി പുറത്തെത്താനുണ്ട്.



Tags:    
News Summary - mammoottys role in lijo jose pellisserrys nanpakal nerathu mayakkam as nakulan is exciting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.