പ്രഖ്യാപനം മുതൽ ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ 30 ന് തിയറ്ററിൽ എത്തിയ ചിത്രം ഇതിനോടകം തന്നെ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ പൊന്നിയിൻ സെൽവന് കഴിഞ്ഞിട്ടുണ്ട്.
തമിഴ് സംസ്കാരവുമായ ആഴത്തിൽ ബന്ധമുള്ള ചിത്രം ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നി ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തിയത്. മികച്ച ഓപ്പണിങ് ലഭിച്ച ചിത്രം, എട്ട് ദിവസം കൊണ്ടാണ് 340 കോടി സ്വന്തമാക്കിയത്. യു.കെ, ഓസ്ട്രേലിയ, ന്യൂസ് ലാൻഡ് എന്നിവിടങ്ങളിൽ നിന്നും മികച്ച കളക്ഷൻ നേടുന്ന ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ.
തമിഴ്നാട്ടിൽ നിന്ന് അതിവേഗം 128 കോടി നേടിയ ചിത്രം ഹിന്ദിയിൽ 14 കോടിയോളാണ് നേടിയത്. തെലുങ്കിലും മികച്ച ഓപ്പണിങ് ലഭിച്ചെങ്കിലും പിന്നീട് മന്ദഗതിയിലേക്ക് നീങ്ങുകയായിരുന്നു.
പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവത്തിന്റെ പ്രമേയം. 500 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര എന്നിങ്ങനെ വൻ താരനിരയാണ് അണിനിരന്നത്. ആദ്യഭാഗം വൻ വിജയമായതോടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.