കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിറും ഷോൺ ആന്റണിയും ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിലിന്റെ പരാതിയിലായിരുന്നു അന്വേഷണം. ചിത്രത്തിന്റെ നിർമാതാക്കാളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തിൽ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.എറണാകുളം മരട് പൊലീസ് ഹൈകോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഏഴ് കോടി രൂപയാണ് സിറാജ് സിനിമക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവായത്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർഥം എന്നും പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ, ഹൈകോടതി മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ക്ക് സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തേക്ക് ഹൈകോടതിയാണ് സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്‍റെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി.
40 % ലാഭവിഹിതമാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് സിറാജിന്റെ പരാതി. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണും സിറാജ് കൂട്ടിച്ചേർത്തു.
2024 ഫെബ്രുവരി 22 ന് പുറത്തിറങ്ങിയ ചിത്രം ഏകദേശം 242 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ നിന്നും ചിത്രം മികച്ച കലക്ഷൻ നേടി. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.