സോഷ്യൽ മീഡിയയിൽ 'ഇഫ് ദിസ് സെലിബ്രിറ്റി' കമന്റാണ് ട്രെൻഡിങ്. സിനിമാ താരങ്ങളുടെ കമന്റുകൾ അഭ്യർഥിച്ചുകൊണ്ടുള്ള ഈ ട്രെൻഡ് തെലുങ്കിലാണ് ആദ്യം ആരംഭിച്ചത്. നടൻ വിജയ് ദേവരകൊണ്ടയിൽ നിന്ന് തുടങ്ങിയ ട്രെൻഡ് ഇപ്പോൾ മഞ്ഞുമ്മൽ ടീമിലെത്തിയിരിക്കുകയാണ്. മഞ്ഞുമ്മൽ ടീമിനോട് വിചിത്രമായ ആവശ്യമാണ് ആരാധിക മുന്നോട്ട് വെച്ചിരിക്കുന്നത്.
'മഞ്ഞുമ്മലിലെ ആരെങ്കിലും രണ്ട് മണിക്കൂർ കൊച്ചിനെ നോക്കിയാൽ ഞാൻ സിനിമ കാണാം' എന്നായിരുന്നു റീൽ. ആരാധികക്ക് മറുപടിയുമായി സിനിമയിലെ മഞ്ഞുമ്മൽ ബോയ്സ് മാത്രമല്ല റീയൽ മഞ്ഞുമ്മൽ ടീമും എത്തിയിട്ടുണ്ട്. റീലിന് ആദ്യം മറുപടി നൽകിയത് ചന്തു സലിംകുമാറാണ്. 'കുഞ്ഞിനെ ഞാൻ നോക്കിക്കൊള്ളാം, പോയി സിനിമ കാണൂ എന്നാണ്' ചന്തു പറഞ്ഞത്. വിഷ്ണു രാഘവും ജീൻ പോൾ ലാലും കുഞ്ഞിനെ നോക്കാൻ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മഞ്ഞുമ്മലിലെ യഥാർഥ ഹീറോസിന്റെ കമന്റ്. 'ഗുണ കേവിൽ വീണ ഞങ്ങളുടെ ബോയിയെ ഞങ്ങൾക്കു നോക്കാമെങ്കിൽ രണ്ടു മണിക്കൂർ നിങ്ങളുടെ ബോയ് ഞങ്ങളുടെ കൈയിൽ സേഫായിരിക്കും'- റിയൽ മഞ്ഞുമ്മൽ ബോയ്സ് പറഞ്ഞു.
യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം മഞ്ഞുമ്മൽ ബോയ്സ് ഒരുക്കിയത്. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് 11 യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.