ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന വിജയിയുടെ 'മാസ്റ്റർ' ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കെ സിനിമയിലെ ചില രംഗങ്ങൾ ചോർന്നു. ൈക്ലമാക്സ് രംഗങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ഇതിനെതിരെ അണിയറ പ്രവർത്തകർ തന്നെ രംഗത്തെത്തി. വിഡിയോ ആരും ഷെയർ ചെയ്യരുതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർഥിച്ചു. 'ഒന്നര വർഷത്തെ കഠിനപ്രയത്നത്തിലൂടെയാണ് മാസ്റ്റർ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. സിനിമ തിയറ്ററിൽ നിങ്ങൾ ആസ്വദിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സിനിമയിലെ ലീക്കായ ഭാഗങ്ങൾ നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ അത് പങ്കുവെക്കരുത്' -ലോകേഷ് കനകരാജ് ട്വിറ്ററിൽ കുറിച്ചു.
ഇളയദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമ കോവിഡിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമയാണ്. കേരളത്തിലടക്കം ചിത്രത്തിന്‍റെ റിലീസുണ്ട്. 100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 2020 ഏപ്രിൽ ഒമ്പതിനായിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്.
ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശാന്താനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.