തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ മോഹൻലാൽ ചിത്രമാണ് ദേവദൂതൻ. 2000 ൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം ദേവദൂതൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായി.
ഇപ്പോഴിത ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്.ഫോർ കെ മികവിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റീ റിലീസിന് മുന്നോടിയായി കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻ്റസ് ദേവദൂതന്റെ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പറന്നുയരുന്ന പ്രാവിനെ നോക്കി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിൽ. എന്നാൽ സിനിമയുടെ റിലീസിങ് തീയതി പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ ജോലി പൂർത്തിയായതായി നിർമാതാക്കൾ നേരത്തേ അറിയിച്ചിരുന്നു.
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തി, ജയപ്രദയുടെ അലീന അഥവാ ആഞ്ജെലീന, വിനീത് കുമാറിന്റെ മഹേശ്വർ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിലുണ്ട്. ജഗതി ശ്രീകുമാർ, ജനാർദനൻ, മുരളി, ശരത്, ജഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക, നിർമല തുടങ്ങിയവരായിരുന്നു മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രഘുനാഥ് പലേരിയാണ് ചിത്രത്തിന് തിരക്കഥയെരുക്കിയത്. വിദ്യാസാഗറായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും ദേവദൂതനിലെ ഗാനങ്ങൾ ആരാധകർ പാടി നടക്കുന്നുണ്ട്. എന്തരോ മഹാനുഭാവുലു ഒഴികെയുള്ള മറ്റുഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു രചിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.