മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമാണ് 'ദേവദൂതൻ'. ചിത്രം 4 കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും വീണ്ടും റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. നടന്റെ കഥാപാത്രമായ വിശാൽ കൃഷ്ണമൂർത്തിയാണ് പോസ്റ്ററിലുള്ളത്. ചിത്രം ഉടൻ തിയറ്ററിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
4 കെ മികവിലെത്തുന്ന 'ദേവദൂതൻ' പ്രേക്ഷകർക്ക് പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. വിദ്യാസാഗറിന്റെ മാസ്മരിക സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ ഇന്നും ദേവദൂതനിലെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നുണ്ട്. മികച്ച ജനപ്രിയ ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിങ്ങനെ മൂന്ന് സംസ്ഥാന അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിർമ്മാണം. സന്തോഷ് .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിന്‍റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ. ജെ. യേശുദാസ്, ജയചന്ദ്രൻ, എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ: എം. രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം, കൊറിയോഗ്രാഫി: കുമാർ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ് .കെ. മാരാർ, അറ്റ്മോസ് മിക്സ്: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ് സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി എഫ് എക്സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്: സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻറ്സ് , റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.