കൽപ്പറ്റ: വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ച് മോഹൻലാൽ. നടന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനായിരിക്കും മൂന്ന് കോടിയുടെ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുക. മുണ്ടക്കൈ സ്കൂൾ എൽ.പി സ്കൂൾ പുനർനിർമിക്കുമെന്നും മോഹൻലാൽ അറിയിച്ചു. വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്നലെ 25 ലക്ഷം രൂപ അദ്ദേഹം നൽകിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. 2018 പ്രളയകാലത്തും നടൻ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
വയനാട്ടിലെ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരേയും പൊലീസുകാരേയും സന്നദ്ധപ്രവർത്തകരേയും അഭിനന്ദിച്ച് നേരത്തെ മോഹൻലാൽ രംഗത്തെത്തിയിരുന്നു. 'വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ.ഡി.ആർ.എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തികൾക്കും എന്റെ സല്യൂട്ട്. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാൻ ഞാൻ പ്രാര്‍ഥിക്കുന്നു. ദുരന്ത മുഖത്ത് മുൻനിരയിലുള്ള എന്റെ 122 ഇൻഫാൻട്രി ബറ്റാലിയനും നന്ദി' - മോഹൻലാൽ എക്സിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.