മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘എൽ 360’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ടാക്സി ഡ്രൈവറായിട്ടാണ് മോഹൻലാൽ എത്തുന്നത്. ശോഭനയാണ് നായിക. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മോഹൻലാൽ- ശോഭന കോമ്പോ വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസു തുറക്കുകയാണ് മോഹൻലാൽ. ഏറെ സ്നേഹം തോന്നിയ സിനിമയാണ് എൽ 360 എന്നാണ് നടൻ പറയുന്നത്. ഷെഡ്യൂൾ ബ്രേക്ക് വിഡിയോയിലാണ് ചിത്രത്തെക്കുറിച്ച് വാചാലനായത്. നിർമാണ കമ്പനിയായ രജപുത്ര വിഷ്വൽ മീഡിയയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
'47 വർഷമായി അഭിനയിക്കുന്നു. ഈ സിനിമയും ആദ്യ സിനിമ പോലെയാണ്. ഒരുപാട് സിനിമകൾ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ സിനിമയാണിത്. പോകുമ്പോൾ ഒരു സങ്കടമുണ്ടാകും. ആ സങ്കടത്തോട് കൂടി ഞാൻ പോകുന്നു. ഇവിടെ തന്നെ ഇങ്ങനെ നിന്ന എത്രയോ ദിവസങ്ങൾ, ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു. എളുപ്പം തിരിച്ച് വരാൻ'- മോഹൻലാൽ പറഞ്ഞു.
സൗദി വെള്ളക്കക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണ് എൽ 360. മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. കെ.ആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം എം. രഞ്ജിത്താണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.