പ്രഭാസ് , കമൽ ഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് കൽക്കി 2898 എ.ഡി. ജൂൺ 27 ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എട്ട് ദിവസം കൊണ്ട് 700 കോടിയാണ് ചിത്രം ആഗോളതലത്തിൽ നിന്ന് നേടിയിരിക്കുന്നത്. ഇന്ത്യൻ ബോക്സോഫീസ് കളക്ഷൻ 414 കോടിയാണ്.
മികച്ച പ്രേക്ഷ സ്വീകാര്യത നേടി പ്രദർശനം തുടരുമ്പോൾ ചിത്രത്തെ വിമർശിച്ച് നടൻ മുകേഷ് ഖന്ന എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ചിത്രം ബുദ്ധിയുള്ള ആളുകൾക്ക് വേണ്ടി നിർമിച്ചതാണെന്നും ഒഡീഷ, ബിഹാർ എന്നിവിടങ്ങളിലുള്ള പ്രേക്ഷകർക്ക് മനസിലാകില്ലെന്നും താരം പറഞ്ഞു. കൂടാതെ ചിത്രം മഹാഭാരതത്തിലെ ഏതാനും ഭാഗങ്ങള്‍ വളച്ചൊടിച്ചെന്നും അണിയറ പ്രവർത്തകരുടെ തീരുമാനം തെറ്റാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ ചിത്രത്തിലെ താരങ്ങളുടെ പ്രകടനം വളരെ മികച്ചതാണെന്നും മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു.
'പാശ്ചാത്യരെ ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ശൈലിയിലുള്ള മേക്കിങ് നല്ലതാണ്. നമ്മളെക്കാൾ ബുദ്ധിശാലികളാണ് അവിടത്തെ ആളുകൾ. എന്നോട് ക്ഷമിക്കൂ, ഒഡീഷയിലേയും ബിഹാറിലേയും ജനങ്ങൾക്ക് ഇത്തരത്തിലുള്ള സിനിമ മേക്കിങ് രീതി മനസിലാകില്ല.
അതുമാത്രമല്ല ചിത്രത്തിൽ ചിലഭാഗങ്ങളിൽ മഹാഭാരത്തെ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ശ്രീകൃഷ്ണന്‍ വന്ന് അശ്വത്ഥാമാവിന്റെ നെറ്റിയില്‍നിന്ന് ശിവമണി എടുക്കുകയും അദ്ദേഹത്തെ ശപിക്കുകയും ചെയ്യുന്നു. മഹാഭാരതത്തില്‍ അശ്വത്ഥാമാവിന്റെ നെറ്റിയിലെ ശിവമണി അര്‍ജുനും ഭീമനും ചേര്‍ന്ന് പുറത്തെടുത്ത് അത് ദ്രൗപതിക്ക് നല്‍കുകയായിരുന്നു. ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ കൊന്നതിന്റെ പ്രതികാരമായിരുന്നു അത്. നിർമാതാക്കളോട് ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. വ്യാസമുനിയെക്കാൾ കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് എങ്ങനെ അറിയാം. മറ്റെവിടെയെങ്കിലും ഇതിനെക്കുറിച്ചുണ്ടോ?
കുട്ടിക്കാലം മുതല്‍ മഹാഭാരതം വായിക്കുന്ന വ്യക്തിയാണ് താന്‍. മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ താന്‍ കല്‍ക്കിയായി ജനിക്കുമെന്നോ അശ്വത്ഥാമാവ് ഭാവിയില്‍ തന്റെ രക്ഷകനാകുമെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. കൃഷ്ണനെപ്പോലെ ശക്തനായ ഒരാള്‍ അശ്വത്ഥാമാവിനെപ്പോലുള്ള ഒരാളോട് തന്നെ സംരക്ഷിക്കാന്‍ എങ്ങനെ ആവശ്യപ്പെടും?. എന്നാൽ ചിത്രത്തിലെ വിഎഫ്എക്സും താരങ്ങളുടെ പ്രകടനങ്ങളും വളരെ മികച്ചതാണ്.
ദക്ഷിണേന്ത്യന്‍ സിനിമാക്കാര്‍ നമ്മുടെ പാരമ്പര്യത്തെ ആദരിക്കുന്നവരാണെന്നാണു നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ എന്താണു സംഭവിച്ചിരിക്കുന്നത്. ഇനിമുതല്‍ രാമായണം, മഹാഭാരതം, ഗീത ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളെ ആധാരമാക്കി എടുക്കുന്ന സിനിമകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കണം'-മുകേഷ് ഖന്ന പറഞ്ഞു.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്തും പ്രിയങ്ക ദത്തും സ്വപ്‌ന ദത്തും ചേര്‍ന്നാണു കൽക്കി 2898 എ.ഡി നിർമിച്ചത്. പ്രഭാസ്, കമൽ ഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവരെ കൂടാതെ വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍, അന്നാ ബെന്‍, ദിഷാ പഠാനി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.