വർഷങ്ങൾക്ക് മുമ്പ് ദുബൈ എയർപോർട്ടിൽ വെച്ച് നടന്ന ഒരു രസകരമായ സംഭവം പങ്കുവെച്ച് നടനും എം.എൽ. എയുമായ മുകേഷ്. അന്ന് പൊലീസിന്റെ കൈയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നടി കെ.പി.എ.സി ലളിതയുടെ വാക്കുകളാണ് തന്നെ രക്ഷിച്ചതെന്നും നടൻ പറഞ്ഞു. മുകേഷിന്റെ യൂട്യൂബ് ചാനലായ 'മുകേഷ് സ്പീക്കിങ്ങി'ലൂടെയാണ് ആ പഴയ സംഭവം വെളിപ്പെടുത്തിയത്. ആദ്യത്തെ ദുബൈ യാത്രയുമായി ബന്ധപ്പെട്ട കഥയാണ് നടൻ പറഞ്ഞത്.
'1988 ൽ ഞങ്ങൾ ആദ്യമായി ദുബൈയിൽ പോവുകയാണ്. അന്ന് അവിടേക്ക് എല്ലാവരും പോകുന്ന സമയമല്ല. ഞൻ, ഉർവശി, കെ.പി.എ.സി ലളിത, ലിസി എന്നിങ്ങനെ നിരവധി താരങ്ങളുണ്ട്. നസീർ സാറാണ് ഷോക്ക് നേതൃത്വം കൊടുക്കുന്നത്. ഇന്ന് കാണുന്നത് പോലെയല്ല അന്ന് വലിയ എയർപോർട്ടൊന്നുമല്ല. ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി നടന്നു വരുമ്പോൾ ലളിത ചേച്ചി എന്നോട് ചോദിച്ചു, ഗൾഫിൽ വന്നിട്ട് തമാശയൊന്നുമില്ലേ എന്ന്. ഒരു കാര്യവുമില്ലാതെ തമാശ പറയണോ എന്ന് ഞാൻ തിരിച്ചും. അന്യരാജ്യത്ത് വന്നിട്ട് ഒരു തമാശ എങ്കിലും പറ, ഞങ്ങളൊക്കെയുണ്ടല്ലോ എന്ന് ചേച്ചി.
അന്ന് ചേച്ചി ക്ഷേത്രത്തിൽ പോയി വലിയ കുറിയൊക്കെ തൊട്ടാണ് വന്നത്. അത് ഞാൻ ശ്രദ്ധിച്ചു. എന്നിട്ട് ചേച്ചിയോട് പറഞ്ഞു. വേറെ രാജ്യമാണ് ചന്ദനക്കുറി മായ്ക്കണം. കുറി മായ്ക്കില്ലെന്ന് ചേച്ചിയും. കാര്യമായി പറയുകയാണ്, ഇതൊരു മതേതര രാജ്യമാണ്. എല്ലാ മതക്കാരും വരുന്ന സിറ്റിയാണ് ഇത്. ഇതൊന്നു ഇവിടെ പറ്റില്ലെന്ന് ഞാൻ വീണ്ടും പറഞ്ഞു. നീ വേറെ ആളെ നോക്കിക്കോ. നിന്നെക്കാളും കുറച്ചധികം ഓണം ഉണ്ടിട്ടുണ്ടെന്ന് ചേച്ചിയും പറഞ്ഞു.
ഒടുവിൽ കുറച്ചങ്ങ് നടന്ന് ചെന്നപ്പോൾ ഞങ്ങളുടെ സ്പോൺസർ വി.ബി.കെ മേനോനെ കണ്ടു. അദ്ദേഹം വലിയ നിർമാതാവാണ്. അദ്ദേഹം ഞങ്ങളെ കണ്ടതും നെറ്റിക്ക് കുറികെ കൈ വച്ചു കൊണ്ട് എന്തോ ആക്ഷൻ കാണിച്ചു. ഞാൻ അതിൽ കയറി പിടിച്ചു. ചന്ദനക്കുറി മായ്ക്കാനാണ് അദ്ദേഹം പറഞ്ഞതെന്ന് ചേച്ചിയോട് പറഞ്ഞു. ഇതോടെ ആകെ പരുങ്ങലിലായി. ഇതെന്ത് രാജ്യമാടാ എന്ന് പറഞ്ഞുകൊണ്ട് സാരിത്തുമ്പ് കൊണ്ട് ചന്ദനക്കുറി മായ്ച്ചു.
വി.ബി.കെ മേനോന്റെ അടുത്തു ചെന്നപ്പോൾ ചന്ദനക്കുറി തൊടാൻ പാടില്ലല്ലേ എന്ന് ചേച്ചി അദ്ദേഹത്തിനോട് ചോദിച്ചു. അതെന്താ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹവും. അപ്പോൾ ചേച്ചി നേരത്തെ കാണിച്ച ആംഗ്യത്തെ കുറിച്ച് പറഞ്ഞു. അയ്യോ വിയർത്തു പോയല്ലോ എന്നാണ് ചോദിച്ചതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഉടനെ തിരിഞ്ഞ് ചേച്ചിയുടെ കൈയിലുള്ള ബാഗ് എടുത്ത് എന്നെ തല്ലി.
ഇതോടു കൂടി ഞങ്ങൾ തമ്മിലുള്ള തമാശ തീരേണ്ടതാണ്. എന്നാൽ ഇതുകണ്ടുകൊണ്ട് ഒരു അറബി പൊലീസ് ഞങ്ങളുടെ അടുത്തു വന്നു. സംഭവം തമാശയാണെന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ. ഞാൻ ചേച്ചിയോട് ജസ്റ്റ് ജോക്കി എന്ന് പറയാൻ പറഞ്ഞു. അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ ജയിലിൽ ആയേനെ- മുകേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.