നാരദനാവാന്‍ ടൊവിനോ എത്തുന്നത് ഡബിള്‍ റോളില്‍?; ആഷിഖ് അബു-ഉണ്ണി ആര്‍ ചിത്രം 'നാരദന്‍' ട്രെയ്‌ലര്‍ പുറത്ത്

കൊച്ചി: മായനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ പല സംശയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ടൊവിനോ ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുന്നതെന്നാണ് പ്രധാന സംശയം. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ട്രെയ്‌ലറില്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്‍റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

ഏതൊരു പ്രേക്ഷകനും ഈ സിനിമ ഒന്നു കാണണം എന്ന തോന്നലുണ്ടാക്കുന്നുണ്ട് രണ്ടര മിനിറ്റുള്ള ട്രെയ്‌ലര്‍. വാര്‍ത്തകളിലെ ധാര്‍മികതയാണോ, അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും മറ്റൊരു സംശയം. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 27ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.

Full View

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ജാഫര്‍ സാദിഖ് ആണ് കാമറ. എഡിറ്റിങ് സൈജു ശ്രീധരൻ.

സംഗീത സംവിധാനം ഡി.ജെ. ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു-വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    
News Summary - Naradan trailer is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.