സെപ്റ്റംബർ 9 ന് പ്രദർശനത്തിനെത്തിയ രൺബീർ കപൂർ, ആലിയ ഭട്ട് ചിത്രമായ ബ്രഹ്മാസ്ത്ര മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ബഹിഷ്കരണങ്ങളേയും വിവാദങ്ങളേയും കാറ്റിൽ പറത്തി കൊണ്ടാണ് ചിത്രത്തിന്റെ കുതിപ്പ്. ബ്രഹ്മാസ്ത്രയുടെ വിജയത്തെ തുടർന്ന് ദേശീയ സിനിമാ ദിനം മാറ്റിയിരിക്കുകയാണ്. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സെപ്റ്റംബർ 16 ൽ നിന്ന് 23ലേക്കാണ് നീട്ടിയത്.
'ദേശീയ സിനിമാ ദിനം സെപ്റ്റംബർ 16 ന് നടത്തുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവിധ ഓഹരി ഉടമകളുടെ അഭ്യർത്ഥന മാനിച്ച്, പങ്കാളിത്തം പരമാവധി വർധിപ്പിക്കുന്നതിനായി, അത് സെപ്റ്റംബർ 23 ന് നടത്തും'-എം.എ.ഐ ട്വീറ്റ് ചെയ്തു.
അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്തത്. ബോളിവുഡ് ചിത്രങ്ങൾ തിയറ്ററുകളിൽ വീണു കിടക്കുമ്പോഴാണ് ബ്രഹ്മാസ്ത്ര എത്തുന്നത്. വിവാദങ്ങളെ മറി കടന്ന് മൂന്ന് ദിവസം കൊണ്ട് 225 കോടി സ്വന്തമാക്കാൻ ചിത്രത്തിനായി. ആദ്യദിനം 75 കോടിയാണ് നേടിയത്.
400 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം വൻ താരനിരയാണ് അണിനിരന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന, മൗനി റോയി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൗനിയുടെ നെഗറ്റീവ് കഥാപാത്രം ഏറെ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.