ഒമ്പതു ഭാവങ്ങൾ, ഒമ്പതു കഥകൾ... ഇതിലൂടെ കാരുണ്യത്തിെൻറ, സഹജീവി സ്നേഹത്തിെൻറ, ഐക്യത്തിെൻറ നവരസങ്ങൾ ഒരുക്കുകയാണ് തമിഴകം. സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് നിർമിക്കുന്ന ആന്തോളജി ചിത്രമാണ് 'നവരസ'. അതിലിപ്പോൾ എന്താ പുതുമ എന്നു ചിന്തിക്കാൻ വരട്ടെ. കോവിഡ് മഹാമാരിയും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമ വ്യവസായത്തെ പിന്തുണക്കാനാണ് തെന്നിന്ത്യയിലെ പ്രമുഖതാരങ്ങളെയും അണിയറ പ്രവർത്തകരെയും അണിനിരത്തി 'നവരസ' ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം തൊഴിലില്ലായ്മയിൽ ദുരിതമനുഭവിക്കുന്ന സിനിമ തൊഴിലാളികൾക്കാണ് നൽകുന്നത്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ജയേന്ദ്രയുടെ ക്യൂബ് സിനിമാസും േചർന്നൊരുക്കുന്ന ചിത്രം ആഗസ്റ്റ് ഒമ്പതിന് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യും. ഇതിലൂടെ കിട്ടുന്ന ലാഭം കോവിഡ് ബുദ്ധിമുട്ട് നേരിടുന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയിലെ (ഫെഫ്‌സി) അംഗങ്ങൾക്ക് പങ്കുവെക്കുകയാണ് ചെയ്യുന്നത്. ഫെഫ്‌സിയിൽ അംഗമായ 10,500 പേർക്കും തിയറ്റർ പ്രൊജക്ഷനിസ്റ്റുകളായ 1,000 പേർക്കും ഈ സഹായം ലഭിക്കും. നിശ്ചിത തുക അടങ്ങിയ ക്രെഡിറ്റ് കാർഡ് ആണ് ഇവർക്ക് നൽകുന്നത്. ഓരോ മാസവും 1500 രൂപ വീതം ആ കാർഡിൽനിന്നു ചെലവഴിക്കാം. 2021 മാർച്ച് മുതൽ ഇവർക്ക് പ്രീപെയ്‌ഡ് കാർഡ് വഴി സാമ്പത്തികസഹായം എത്തിക്കുന്നുണ്ട്.
50 കോടി രൂപ സമാഹരിച്ച് നൽകാനാണു ശ്രമമെന്ന് മണിരത്നം പറയുന്നു. കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ട തമിഴ്‌നാട്ടിലെ സാധാരണ സിനിമ പ്രവർത്തകർക്ക് എങ്ങനെ സഹായമെത്തിക്കാമെന്ന ആലോചനയിലാണ് ചിത്രം പിറന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'നവരസ'യിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ഇതിെൻറ ഭാഗമാകുന്നത്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി. ആനന്ദ്, പൊൻറാം, രതിദൻ ആർ. പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.
സൂര്യ, സിദ്ധാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, അദിതി ബാലൻ, അരവിന്ദ് സ്വാമി, അമ്മു അഭിരാമി, യോഗി ബാബു, അശോക് സെൽവൻ, ഗൗതം കാർത്തിക്, നിത്യ മേനോൻ, ശരവണൻ, അളഗം പെരുമാൾ, രേവതി, പാർവതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂർണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, ബോബി സിംഹ, റോബോ ശങ്കർ, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം എന്നിവരാണ് ചിത്രങ്ങളിൽ അണിനിരക്കുന്നത്. എ.ആർ. റഹ്മാൻ, ഡി. ഇമ്മൻ, ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചിത്രങ്ങൾക്കായി സംഗീതം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.