തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രമാണ് ആർ.ഡി.എക്സ്. നിരജ് മാധവൻ, ഷെയ്ൻ നിഗം, ആന്റണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ആർ.ഡി. എക്സ്. തെന്നിന്ത്യയിലെ മികച്ച സ്റ്റണ്ട് മാസ്റ്റേഴ്സായ അൻപറിവാണ് സംഘട്ടനം ഒരുക്കിയത്. ആർ.ഡി. എക്സിലെ ഫൈറ്റ് രംഗങ്ങൾ കൈയടി നേടുമ്പോൾ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായ പരിക്കേറ്റതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ നീരജ് മാധവ്. ക്ലൈമാക്സിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാലിന് പരിക്കേറ്റത്. ഇൻസ്റ്റഗ്രമിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ കാൽ ചികിത്സിച്ച് ഭേദമാക്കിയ ഫിസിയോതെറാപ്പിസ്റ്റ് ടോം ആഷ്‌ലിക്കും ഈ അവസരത്തിൽ നന്ദിയും പറയുന്നുണ്ട്.
‘നിങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് അത് അവസാനിക്കുന്നത്. എന്നെ വിശ്വസിച്ച ചുരുക്കം ചില ആളുകൾക്ക് നന്ദി, എന്നെ സംശയിക്കുകയും അടിത്തറതോണ്ടുകയും പരിഹസിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദി. അതെന്റെ ആഗ്രഹങ്ങളെ ആളികത്തിക്കുകയാണ് ചെയ്തത്. സത്യസന്ധമായി നിങ്ങൾ എന്തെങ്കിലു ആഗ്രഹിച്ചാൽ അത് സഫലമാക്കാൻ ഒരു പ്രവഞ്ചം മുഴുവനും നിങ്ങളൊടൊപ്പം നിൽക്കും. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണയത്തിലാണ്, മറ്റു ചിലത് അങ്ങനെയല്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. അതിൽ വളരെയധികം നന്ദിയുണ്ട്. ഈ വിജയത്തെ ഞാനൊരിക്കലും നിസാരമായി കാണുന്നില്ല. മെച്ചപ്പെടുത്താൻ ഇനിയും ശ്രമിച്ചുകൊണ്ടിരിക്കും എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
ഈ അവസരത്തിൽ എന്നെ ചികിത്സിച്ച ടോം ആഷ് ലിക്ക് പ്രത്യേകം നന്ദി പറയുന്നു. എന്നിൽ ആത്മവിശ്വാസം നിറച്ച് വളരെ ചെറിയ സമയം കൊണ്ട് പരിക്ക് സുഖപ്പെടുത്താൻ സഹായിച്ചത് ടോമാണ്. അടുത്ത ദിവസം തന്നെ എനിക്ക് സ്റ്റണ്ട് ചെയ്യാന്‍ സാധിച്ചു. നിങ്ങൾ രക്ഷകനാണ്; നീരജ് മാധവ് കുറിച്ചു.
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നിരജിന്റെ കാലിന്റെ കുഴ തെറ്റുന്നത്. ‘ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് നിൽക്കണം. താഴെ ഫോം പാഡ്സ് വച്ചിട്ടുണ്ട്. അതിൽ കാൽ സ്റ്റക്കായി ഞാൻ വീണു. കാലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. പടത്തിൽ നിന്നും മാറേണ്ടി വരുമെന്നും വരെ ചിന്തിച്ചുപോയി. അൻപറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്' –നീരജ് മാധവ് കുറിപ്പിനൊപ്പം പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.