മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിനെതിരെ ഉയരുന്ന വിമർശനത്തിൽ പ്രതികരിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത്. 'ഫാമിലി' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലായിരുന്നു അഭിപ്രായം വ്യക്തമാക്കിയത്. തനിക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടമായെന്നും മുൻവിധിയോട് ആരും ചിത്രത്തെ സമീപിക്കരുതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. മുന്നിൽ വരുന്ന കാഴ്ച ആസ്വദിക്കാനാണ് സിനിമക്ക് പോകുന്നത്. അല്ലാതെ ആ കാഴ്ചയെക്കുറിച്ചുള്ള മുൻവിധിയോടെയല്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
'മലൈക്കോട്ടൈ വാലിബൻ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. പുതുമയുള്ള സിനിമയാണ്. ആ സിനിമക്കെതിരെ കൂട്ടമായ ആക്രമണം നടക്കുന്നതായി കേൾക്കുന്നു. ആരാധകർ വളരെ നിരാശരാണെന്നാണ് പറയുന്നത്. ഞാൻ കാണാൻ പോകുന്ന സിനിമ ഇങ്ങനെയാണെന്ന് കരുതിയാണ് അവർ തിയറ്ററിൽ വരുന്നത്. ആ മുൻവിധിയാണ് പ്രശ്നം.
ശൂന്യമായ മനസോടെയാണ് ഞാനൊരു സിനിമ കാണാൻ പോകുന്നത്. മലൈക്കോട്ടൈ വാലിബൻ കാണാനാണ് പോകുന്നത് അല്ലാതെ അങ്കമാലി ഡയറീസല്ല. ലിജോ ഇത്തവണ എന്താണ് ചെയ്തിരിക്കുന്നത്, എങ്ങനെയാണ് മോഹൻലാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നൊക്കെ അറിയാനാണ് ഈ സിനിമക്ക് പോകുന്നത്. നിങ്ങൾ ഒരാളുടെ വീട്ടിൽ ചെന്നിട്ട് മസാലദോശയും സാമ്പാറും തരുമ്പോൾ ഞാൻ ബീഫാണ് പ്രതീക്ഷിച്ചതെന്ന് പറയുമ്പോലെയാണിത്. അത് സിനിമ വ്യവസായത്തെയാണ് ബാധിക്കുന്നത്. ഈ ലിജോയെയോ മോഹൻലാലിനെയോ അല്ല പ്രതീക്ഷിച്ചതെന്ന് പറയുമ്പോൾ പ്രശ്നം നിങ്ങളാണ്, അല്ലാതെ മോഹൻലാലും ലിജോയുമല്ല' -അനുരാഗ് പറഞ്ഞു.
'സോഷ്യൽ മീഡിയയിൽ എല്ലാവരും സിനിമാ നിരൂപകരാണ്. ഞാൻ സിനിമയെ ഗൗരവമായി സമീപിക്കുന്ന ഫിലിം ക്രിട്ടിക്കുകളെ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. മറ്റെല്ലാം അഭിപ്രായങ്ങളാണ്. ആളുകൾക്ക് അഭിപ്രായങ്ങളുണ്ടാകാം. കൂട്ടായ ആക്രമണം സിനിമയുടെ ബിസിനസിനെ തകർക്കും. എന്നാൽ, അതുകൊണ്ട് നല്ല സിനിമയുടെ മൂല്യം ഇല്ലാതാവില്ലെന്നും' സംവിധായകൻ കൂട്ടിച്ചേർത്തു.
ഹിന്ദി പതിപ്പ് മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.