1969ൽ കേരളത്തിലെ സിനിമാപ്രേമികൾ മുഴുവൻ എറണാകുളത്തേക്ക് ഒഴുകിയിരുന്നു. ഷേണായീസ് തീയേറ്റർ ആയിരുന്നു അവരുടെ ലക്ഷ്യം. കാരണം മറ്റൊന്നുമല്ല. ഏഷ്യയിലെ ആദ്യത്തെ വിസ്താരമ പ്രൊജക്ഷൻ തീയറ്റർ ആയി ഷേണായീസ് തുറന്ന വർഷമായിരുന്നു അത്. അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി വി.വി. ഗിരി ആണ് ഷേണായീസ് ഉദ്ഘാടനം ചെയ്തത്. 80 അടി നീളവും 30 അടി വീതിയുമുള്ള സ്‌ക്രീൻ ആയിരുന്നു വിസ്താരമയുടെ പ്രേത്യകത.
പരന്ന സ്‌ക്രീനിന് പകരം 18 അടിയോളം ഉള്ളിലേക്ക് വളഞ്ഞതായിരുന്നു സ്‌ക്രീന്‍. ആറ് ട്രാക്കുള്ള സ്റ്റീരിയോഫോണിക് സൗണ്ട് സിസ്റ്റവും തീയേറ്ററിലുണ്ടായിരുന്നു. കാര്‍ റേസിങിന്‍റെ കഥപറഞ്ഞ പോള്‍ ന്യൂമാന്‍ അഭിനയിച്ച 'വിന്നിങ്' എന്ന അമേരിക്കന്‍ സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. ഒപ്പം പണിത ലിറ്റിൽ ഷേണായീസ് പക്ഷേ,1971ൽ ആണ് തുറന്നത്.
രണ്ട് ത്രിമാന സ്‌ക്രീനുകളുൾപ്പെടെ അഞ്ച് സ്‌ക്രീനുകളുമായി പുതുക്കിപ്പണിത ഷേണായീസ് വെള്ളിയാഴ്ച തുറക്കുേമ്പാൾ പഴയ വിസ്താരമ സ്‌ക്രീൻ നൽകിയ വിസ്മയാനുഭവത്തിന്റെ ഓർമ്മയിലാണ് കൊച്ചിയിലെ പഴമക്കാർ. മലയാളികൾക്ക് സിനിമയുടെ പുതിയ ആസ്വാദനതലങ്ങള്‍ സമ്മാനിച്ച ഷേണായിമാരുടെ തീയേറ്ററുകളുടെ ഓർമ്മകളും അവരുടെ മനസിന്‍റെ വിസ്താരമ സ്ക്രീനിൽ ഓടുന്നു.
ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് കുടിയേറിയ ഗൗഡസാരസ്വത ബ്രഹ്മണന്‍മാരായ നാരായണ ഷേണായിയിൽ നിന്നാണ് ഷേണായിമാരുടെ തീയേറ്റർ ഓർമ്മകൾ തുടങ്ങൂന്നത്. നാരായണ ഷേണായിയുടെ മൂത്തമകനായ എ.എന്‍. ഗുണ ഷേണായ് കൊച്ചി ബ്രോഡ്‌വേയില്‍ എ.എന്‍. ഗുണഷേണായി ആൻഡ് ബ്രദേഴ്സ് എന്ന പേരില്‍ ഹാര്‍ഡ്‌വെയര്‍ കട തുടങ്ങി. അക്കാലത്ത് കൊച്ചിയില്‍ മട്ടാഞ്ചേരിയിലെ സ്റ്റാറും എറണാകുളത്തെ മേനകയും മാത്രമാണ് ടാക്കീസുകളായി ഉണ്ടായിരുന്നത്. മറ്റൊരു തീയേറ്ററിന്‍റെ സാധ്യത തിരിച്ചറിഞ്ഞ് ഗുണ ഷേണായിയുടെ സഹോദരൻ ലക്ഷ്മണ്‍ ഷേണായ് ആണ് 'ലക്ഷ്മണ്‍' തീയേറ്റര്‍ തുടങ്ങുന്നത്. എറണാകുളം വളഞ്ഞമ്പലത്ത് സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം തുടങ്ങിയ 'ലക്ഷ്മണി'ൽ എഴുന്നൂറോളം സീറ്റുണ്ടായിരുന്നു. ലണ്ടനില്‍ നിന്നും ഇറക്കുമതി ചെയ്ത ഗൗമോണ്ട് ഖാലി പ്രൊജക്ടര്‍ ആയിരുന്നു ഇവിടെ.
എന്നും ഇവിടെ രാജകുടുംബാംഗങ്ങൾക്കായി 15 സീറ്റ് റിസർവ് ചെയ്തിരുന്നു. ബാല്‍ക്കണിയിലെ ആദ്യനിരയില്‍ ഏഴു സീറ്റും രണ്ടാമത്തെ നിരയില്‍ എട്ടു സീറ്റുമാണ് ഇങ്ങനെ മാറ്റിവെച്ചിരുന്നത്. 1949 നവംബര്‍ 14ന് രണ്ടു മഹാരാജാക്കന്മാര്‍ ഒരുമിച്ച് ഇവിടെ സിനിമ കാണാനെത്തി. തിരുവിതാംകൂറിന്‍റെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയും കൊച്ചിയുടെ അവസാന മഹാരാജാവായിരുന്ന രാമവര്‍മ പരീക്ഷിത്ത് തമ്പുരാനും. ജോണി വെയ്‌സ്മുള്ളർ ടാർസനായി അഭിനയിച്ച 'ജംഗിള്‍ ജിം' ആയിരുന്നു ആ സിനിമ. 'ലക്ഷ്മൺ' നിന്ന സ്ഥാനത്തിപ്പോൾ 'ലിങ്ക് ലക്ഷ്മണ്‍' അപ്പാര്‍ട്ട്‌മെന്‍റ് ആണ്.
1946ല്‍ ആണ് ഷേണായീസുമാരുടെ രണ്ടാമത്തെ തീയേറ്റർ 'പത്മ' തുടങ്ങിയത്. ലക്ഷ്മണിന്റെ ഭാര്യയുടെ പേരാണ് തീയേറ്ററിന് നൽകിയത്. അവിടെയും രാജകുടുംബത്തിനായി പ്രത്യേക ബാൽക്കണി ഒരുക്കി. അക്കാലത്തെ തമിഴ് സൂപ്പര്‍താരം ശിവാജി ഗണേശന്‍ പത്മയിലെത്തിയത് വലിയ ആഘോഷമായിരുന്നു. ഫോട്ടോഫോണ്‍ ഫിലിം പ്രൊജ്കറുമായി പത്മ 1971ല്‍ നവീകരിച്ച് എയര്‍ കണ്ടീഷനാക്കി. അക്കാലത്തെ യുവാക്കളുടെ ഹരം കമൽ ഹാസനായിരുന്നു നവീകരിച്ച തീയേറ്റര്‍ തുറന്നത്. 1964ലാണ് കേരളത്തിലെ ആദ്യ എയര്‍കണ്ടീഷന്‍ തീയേറ്ററായ ശ്രീധര്‍ തുറന്നത്. ലക്ഷ്മണ്‍ ഷേണായിയുടെ മകനായ ശ്രീധര്‍ ഷേണായിയുടെ പേരാണ് തീയേറ്ററിന് നൽകിയത്. അന്നത്തെ കേരള ഗവര്‍ണറും പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയുമായ വി.വി. ഗിരിയായിരുന്നു ഉദ്ഘാടകൻ. കൂടുതലായി ഇംഗ്ലീഷ് സിനിമകൾ പ്രദർശിപ്പിച്ചിരുന്ന ശ്രീധർ ആദ്യത്തെ ഡോള്‍ബി സൗണ്ട് സിസ്റ്റമുള്ള തീയേറ്റർ എന്ന പ്രത്യേകതയും സ്വന്തമാക്കി. 2009ല്‍ കേരളത്തിലെ ആദ്യ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ടര്‍ വന്നതും ശ്രീധറിലാണ്.
രണ്ട് ത്രിമാന സ്‌ക്രീനുകളുൾപ്പെടെ അഞ്ച് സ്‌ക്രീനുകളാണ് നാലുവർഷത്തെ ഇടവേളക്ക് ശേഷം തുറക്കുന്ന നവീകരിച്ച ഷേണായീസിലുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.05നാണ് ആദ്യ ഷോ. ബാൽക്കണിയിലേക്കു കയറിപ്പോകുന്ന വളഞ്ഞുപുളഞ്ഞ വഴിയും പഴയ ലിറ്റിൽ ഷേണായീസും ഇനിയില്ല. ലിറ്റിൽ ഷേണായീസ് 'സ്‌ക്രീൻ 05' ആയി. പക്ഷേ, ഷേണായീസിന്‍റെ 'വ്യക്തിത്വം' ആയ വൃത്താകൃതിയിലുള്ള രൂപത്തിനു മാറ്റമില്ല.
ആദ്യ ദിനത്തിൽ സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം എന്നീ സിനിമകളാണ് തിരശ്ശീലയിൽ തെളിയുക. ഒന്നാം സ്‌ക്രീൻ 'റിക്ലെയ്‌നർ' സോഫ ഇരിപ്പിടമുള്ളതാണ്. 'ഡോൾബി അറ്റ്‌മോസ്' ശബ്ദവിന്യാസമാണ് ഇവിടെ. അഞ്ചു സ്‌ക്രീനും '4K' പ്രൊജക്ഷനുള്ളതാണ്. ഒന്നാമത്തേതൊഴികെ ബാക്കി നാലിലും '7.1 ഡോൾബി സൗണ്ട് സിസ്റ്റ'വുമാണ്. ഒന്നും മൂന്നും സ്‌ക്രീനുകളിൽ ത്രീഡി സിനിമകളും പ്രദർശിപ്പിക്കാം.
68 സീറ്റുകൾ മാത്രമുള്ള ഒന്നാം സ്‌ക്രീൻ പ്രീമിയം തിയേറ്ററിൽ ടിക്കറ്റിനു 440 രൂപയാണ്. ഏറ്റവും വലിയ തിയേറ്റർ 268 സീറ്റുകളുള്ള സ്‌ക്രീൻ മൂന്നാണ്. സ്‌ക്രീൻ നാലിൽ 71 സീറ്റുകളാണുള്ളത്. ഒരേസമയം 75-80 കാറുകൾക്കും 250-300 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യവും റസ്റ്റോറന്റ്-കഫേ സംവിധാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.