ഇതിനകം ഒരു കോടിയിലധികം പേർ കണ്ട് സൂപ്പർ ഹിറ്റായി മാറിയ 'ദേവദൂതർ പാടി... സ്നേഹദൂതർ പാടി' എന്ന ഗാനരംഗമടങ്ങിയ 'ന്നാ താൻ കേസ് കൊട്' ചലച്ചിത്രം നാളെ തിയറ്ററുകളിലേക്ക്. കണ്ണൂർ -കാസർകോട് പെരുമയുമായാണ് കുഞ്ചാക്കോ ബോബൻ, ഗായത്രി ശങ്കർ എന്നിവർ നായകനും നായികയുമായ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് സിനിമ സംവിധാനം ചെയ്തത്. അണിയറയിലും മുന്നണിയിലും ഉള്ളവരിൽ ഏറിയ പങ്കും കണ്ണൂർ, കാസർകോട് ജില്ലക്കാരാണ്.
കാസർകോടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ചീമേനി, കയ്യൂർ, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂർ ഭാഗങ്ങളിലാണ് നടന്നത്. ചിത്രത്തിന്റെ കാസ്റ്റിങ് ഡയരക്ടറും സുരേഷ് എന്ന കഥാപാത്രവുമായ രാജേഷ് മാധവൻ, അസോ. ഡയരക്ടർ സുധീഷ് ഗോപിനാഥ്, സംവിധാന സഹായി ഗോകുൽനാഥ് എന്നിവരെല്ലാം കാസർകോട് ജില്ലക്കാരാണ്. പയ്യന്നൂർക്കാരനായ മൃദുൽ നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയിൽ മന്ത്രിയായി എത്തുന്ന കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മജിസ്ട്രേറ്റായ തടിയൻകൊവ്വൽ വാർഡ് മെമ്പർ പി.പി. കുഞ്ഞികൃഷ്ണൻ, എം.എൽ.എയായ സി.കെ. സുധീർ, എം.എൽ.എയുടെ ഭാര്യ സി.പി. ശുഭ, എം.എൽ.എയുടെ വക്കീലായി എത്തുന്ന എ.വി. ബാലകൃഷ്ണൻ, സുരേഷന്റെ കാമുകിയായ ചിത്ര നായർ, എൻജിനീയറായി എത്തുന്ന കെ.ടി. ബാലചന്ദ്രൻ എന്നിവരും കണ്ണൂർ, കാസർകോട് ജില്ലക്കാർ തന്നെ.
കാസർകോട്ടെ പ്രമുഖ അഭിഭാഷകരായ സി. ഷുക്കൂർ മന്ത്രിയുടെ വക്കീലായും ഗംഗാധരൻ കുട്ടമത്ത് കുഞ്ചാക്കോ ബോബന്റെ വക്കീലായും കണ്ണൂരിലെ മാധ്യമപ്രവർത്തകൻ റിയാസ് കെ.എം.ആർ കോടതി റിപ്പോർട്ടറായും സ്വന്തം പേരുകളിൽ തന്നെ കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നുണ്ട്. കോടതി ക്ലർക്കുമാരായി കാസർകോടുകാരായ സി.കെ. പുഷ്പയും ദുർഗ പ്രശാന്തും നെപ്റ്റ്യൂൺ ചൗക്കിയും അഭിനയിക്കുന്നുണ്ട്.
'ദേവദൂതർ പാടി... സ്നേഹദൂതർ പാടി' എന്ന ഗാനം സിനിമയിൽ സ്റ്റേജിൽ പാടുന്നത് ചെർക്കളയിലെ തുളസീധരനാണ്. പയ്യന്നൂരിലെ പ്രശസ്ത നാടക പ്രവർത്തകൻ കോക്കാടൻ നാരായണനും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സിനിമയിലെ സി.ഐയായ കുഞ്ഞികൃഷ്ണ പണിക്കർ, എസ്.ഐ. ലോഹിതാക്ഷൻ എന്നിവരും കാസർകോട് ജില്ലക്കാരാണ്. മന്ത്രിയുടെ പി.എമാരായ ലെനിൻ, അനിൽ നമ്പ്യാർ, മധു കണ്ണൂർ, രതീഷ് പടോളി എന്നിവരും എം.എൽ.എയുടെ പി.എമാരായ രാജേഷ് അഴീക്കോടൻ, കെ. കൃഷ്ണൻ എന്നിവരും സിനിമയിൽ വഴിത്തിരിവുണ്ടാക്കുന്ന ബാഡ്മിന്റൺ കളിയിലെ താരങ്ങളായ മനോജ് കെ. സേതു, ഷിനു തമ്പി, പ്രകാശൻ വെള്ളച്ചാൽ, ദേവദാസ് കണ്ണൂർ, വിപിൻ, മനോജ് എന്നിവരും സിജി രാജൻ, ഷാജി ചന്തേര എന്നിവരും കണ്ണൂരും കാസർകോടുമുള്ളവരാണ്.
കൂടാതെ സിനിമയിൽ കാസർകോട് ജില്ലയിലെ നാട്ടിൻപുറത്തുകാരും വേഷമണിഞ്ഞിട്ടുണ്ട്. കാസർകോടിന്റെ നാട്ടുഭാഷയ്ക്ക് പ്രാമുഖ്യം നൽകുന്ന സിനിമ കൂടിയാണ് 'ന്നാ താൻ കേസ് കൊട്'.
എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിർഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.