ദമ്മാം: നാടകമുൾപ്പെടെയുള്ള കലാപ്രവർത്തനങ്ങൾക്ക് ജീവിതം സമർപ്പിച്ച ജേക്കബ് ഉതുപ്പിന് സ്വപ്ന സാക്ഷാത്കാരമായിരുന്നു ‘നൊണ’ എന്ന സിനിമ. ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ ബാനറിൽ രാജേഷ് ഇരുളം സംവിധാനം ചെയ്ത ഈ സിനിമ നിർമിച്ചത് ദമ്മാമിൽ ദീർഘകാലമായി പ്രവാസിയായ എറണാകുളം പെരുമ്പാവൂർ, പുത്തൻ കുരിശ് സ്വദേശിയായ ജേക്കബ് ഉതുപ്പാണ്.
പ്രവാസത്തിൽ സ്വരുക്കൂട്ടി വെച്ചതെല്ലാം ചേർത്ത് ഒരു സിനിമാ നിർമാതാവ് ആകുമ്പോൾ അതിൽനിന്ന് ലാഭം കൊയ്യാം എന്നായിരുന്നില്ല മനസ്സിൽ.
പ്രേക്ഷകരുടെ ഉള്ളിനെ സ്പർശിക്കുന്ന ഒരു കഥയുടെ പിറവിക്ക് കാരണക്കാരനായി നിൽക്കുക, ഒപ്പം ഒരു കൂട്ടം കലാകാരന്മാരുടെ ചിരകാല സ്വപ്നങ്ങൾക്ക് നിറം പകരുക എന്നിങ്ങനെ പരിമിതമെങ്കിലും വിലയേറിയ മോഹങ്ങളായിരുന്നു കൂട്ട്. രണ്ടാഴ്ചകൊണ്ട് സിനിമ തിയറ്ററുകൾ വിട്ടെങ്കിലും കണ്ടവരെല്ലാം നല്ലവാക്ക് പറഞ്ഞാണ് സിനിമയെ പ്രോത്സാഹിപ്പിച്ചത്.
ഇപ്പോൾ ‘നൊണ’ക്ക് മറ്റൊരു അവസരം കൈവന്നിരിക്കുകയാണ്. വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയ ഈ സിനിമ ഇപ്പോൾ ഷിംല ഇന്റർനാഷനൽ ചലച്ചിത്രോത്സവത്തിൽ പ്രദർശനാനുമതി നേടിയിരിക്കുന്നു. സൗദി അറേബ്യയിൽ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലും ‘നൊണ’ പ്രദർനാനുമതി തേടിയിട്ടുണ്ട്.
ഒരു സിനിമ നിർമാതാവാകാനുള്ള ചുറ്റുപാടുകളുള്ള ആളല്ല ഞാനെന്നും നാടക പ്രവർത്തകരുമായുള്ള ബന്ധവും അവർ ഒന്നിക്കുന്ന ഒരു കഥ സിനിമയാക്കണമെന്ന അവരുടെ മോഹത്തിനും മറ്റൊന്നും ആലോചിക്കാതെ ഒപ്പം നിൽക്കുകയായിരുന്നെന്നും ജേക്കബ് ഉതുപ്പ് പറയുന്നു.
‘നൊണ’യുടെ നിർമാതവായതിനെക്കുറിച്ച് ജേക്കബ് ഉതുപ്പ് പറഞ്ഞു. വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ നാടകമത്സരങ്ങളിൽ സജീവ സാന്നിധ്യമാവുകയും പിന്നീട് നാടകങ്ങളോട് ചേർന്ന് നടക്കുകയുമായിരുന്നു.
നാട്ടിലെ പ്രീതി ആർട്സ് ക്ലബ് എന്ന പ്രാദേശിക സംഘടന നാടകപ്രവർത്തനങ്ങൾക്ക് ഏറെ പിന്തുണ നൽകി. മുഹമ്മദ് പുഴക്കരയുടെ സ്റ്റേജ് ഓഫ് കേരള എന്ന പ്രഫഷനൽ നാടക ട്രൂപ്പിൽ രണ്ട് വർഷത്തോളം സംവിധാന സഹായിയായും നടനായും സഹകരിച്ചു. പ്രീതി ആർട്സിനുവേണ്ടി സംഗ്രാമം, മഴമേഘങ്ങൾ പെയ്തിറങ്ങി, എന്റെ ഗ്രാമം എന്നിങ്ങനെ മൂന്നു അമേച്ചർ നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
സ്കൂൾ യുവജനോത്സവങ്ങൾക്കുവേണ്ടി ചെയ്ത തുളുഗ്രാമം, സ്വനം, കുരുക്ഷേത്രഭൂമിയിൽ തുടങ്ങിയ ലഘുനാടകങ്ങൾ ഏറെ ശ്രദ്ധേയമായി. പ്രവാസിയായതോടെ ബഹ്റൈനിലും സൗദിയിലും നാടകങ്ങൾ സംഘടിപ്പിക്കുന്നതിലെ നെടുംതൂണായി ജേക്കബ് ഉതുപ്പ് മാറി. ‘മഴപ്പാറ്റകൾ’ എന്ന ഹ്രസ്വചിത്രം, ‘യഹോവ’, ‘നീയോർമകൾ’, ‘മൗനനൊമ്പരം’, ‘പ്രാഞ്ചിയേട്ടന്മാർ’ എന്നീ വെബ് സീരീസുകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തു.
ജേക്കബ് സ്വന്തമായി കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്ത, സൗദി അറേബ്യയിൽ തന്നെ പൂർണമായും ചിത്രീകരിച്ച ഹ്രസ്വചിത്രമായിരുന്നു ‘ദിയ.’ പ്രിയ സുഹൃത്തുക്കളായ ഹേമന്ദ് കുമാറും രാജേഷ് ഇരുളവുമാണ് ‘നൊണ’യുടെ കഥയുമായി ജേക്കബിനെ സമീപിച്ചത്.
ഇന്ദ്രൻസ് നായകനായ ഈ ചിത്രത്തിൽ ജേക്കബ് ഉതുപ്പിന്റെ മക്കൾ സച്ചിനും ഗോഡ്വിനും ഭാര്യ സരളയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രമുഖ മലയാള നാടക സംവിധായകൻ ജയൻ തിരുമന, അനായാസ അഭിനയ പ്രതിഭകളായ ബിജു ജയാനന്ദൻ, സതീഷ് കെ. കുന്നത്ത് എന്നിവരോടൊപ്പം മലയാള പ്രഫഷനൽ നാടകവേദിയിൽ നിന്നും ഒട്ടനവധി അഭിനേതാക്കളും ഇതിൽ വേഷമിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.