കോഴിക്കോട്: അശ്ലീല പരാമർശങ്ങൾക്കും സൈബർ അധിക്ഷേപങ്ങൾക്കും എതിരെ നിയമ പോരാട്ടവുമായി രംഗത്തിറങ്ങിയ നടി ഹണി റോസിന് സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) പിന്തുണ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജിൽ ‘അവൾക്കൊപ്പം’ എന്ന ഹാഷ്ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ല്യു.സി.സി പിന്തുണ അറിയിച്ചത്. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉൾപ്പെടെ സിനിമാരംഗത്തെ പ്രമുഖർ ഹണി റോസിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. സ്ത്രീവിരുദ്ധ പെരുമാറ്റങ്ങൾക്ക് ബോബി ചെമ്മണൂരിനെ രൂക്ഷമായി വമർശിച്ചുകൊണ്ടാണ് പ്രമുഖർ പ്രതികരിച്ചത്.
ഹണി റോസിന്റെ പരാതിയേ തുടർന്ന് ബോബി ചെമ്മണൂരിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയനാട്ടിലെ റിസോർട്ടിൽനിന്നാണ് വയനാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഉടൻ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. കേസ് അന്വേഷിക്കാൻ സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിൽ സൈബർ സെൽ അംഗങ്ങളുമുണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ഹണി റോസ് നൽകിയ പരാതിയിൽ ലൈംഗികച്ചുവയോടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഭാരതീയ ന്യായസംഹിത 75 (4) പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെയുള്ള അശ്ലീല പരാമർശത്തിനെതിരെ ഐ.ടി നിയമം 67 പ്രകാരവുമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്.
ആഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട് ബോബി ചെമ്മണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനുശേഷം പല വേദികളിലും നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറയുന്നുണ്ട്. കൂടാതെ, നടിയുടെ ചിത്രം മോശമായ രീതിയിൽ തമ്പ്നെയ്ൽ ആയി ഉപയോഗിച്ച 20 യുട്യൂബർമാർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.