പി.അഭിജിത്തിന്റെ 'അന്തരം'ബാംഗളൂർ ക്വീര്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കും

കൊച്ചി: സ്ത്രീ - ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ നേഹ നായികയായ അന്തരം ഇന്ത്യയിലെ പ്രധാനപ്പെട്ട ക്വീർ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ബാംഗളൂർ ക്വീര്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കും. ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായി ഒരുക്കുന്ന ചിത്രമാണ് 'അന്തരം'.

കാഷിഷ് മുംബൈ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവൽ,ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശ്ശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചിരുന്നു. ബാംഗളൂർ ക്വീര്‍ ഫിലിം ഫെസ്റ്റിവെലില്‍ നാളെ (ജൂലായ് 23) നാണ് അന്തരത്തിന്‍റെ പ്രദര്‍ശനം. ഇന്ത്യയിലും വിദേശത്തും നിന്നുള്ള ഫീച്ചർ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഉൾപെട അറുപതോളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവെല്‍ 24ന് സമാപിക്കും.

ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ .രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ട്രാന്‍സ് സ്ത്രീയുടെ ജീവിതം പ്രമേയമായുള്ള ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.

രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Tags:    
News Summary - p. Abhijith's Atharam Movie Selected Queer film festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.