കലക്ഷനിൽ റെക്കോഡിട്ട പാകിസ്താൻ ചിത്രം ഇന്ത്യയിൽ റിലീസിന്; പ്രതിഷേധവുമായി എം.എൻ.എസ്

ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യയിൽ പാകിസ്താൻ സിനിമ റിലീസിനൊരുങ്ങുന്നു. ബിലാൽ ലഷാരി സംവിധാനം ചെയ്ത് ഫവാദ് ഖാൻ, മാഹിറ ഖാൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ദ ലെജൻഡ് ഓഫ് മൗലാ ജത്' എന്ന ചിത്രമാണ് ഡിസംബർ 30ന് പഞ്ചാബിലും ഡൽഹിയിലെ ഏതാനും തിയറ്ററുകളിലും റിലീസിനൊരുങ്ങുന്നത്. ആഗോള ബോക്സോഫിസിൽനിന്ന് 10 ദശലക്ഷം ഡോളറിലധികം വാരിക്കൂട്ടിയ ചിത്രം സീ സ്റ്റുഡിയോസ് ആണ് ചിത്രം ഇന്ത്യയിൽ റിലീസിനെത്തിക്കുന്നത്. അതേസമയം, വിവാദത്തെ തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീട്ടിയതായും റിപ്പോർട്ടുണ്ട്.

എക്കാലത്തെയും മികച്ച കലക്ഷൻ നേടിയ പാകിസ്താൻ ചിത്രമാണ് 'ദ ലെജൻഡ് ഓഫ് മൗലാ ജത്'. 1979ൽ റിലീസ് ചെയ്ത ചിത്രത്തന്റെ റീമേക് ആണിത്. ഒക്ടോബർ 13നാണ് അവിടെ റിലീസ് ചെയ്തത്. നായകനായ ഫവാദ് ഖാൻ ഖൂബ്സൂരത്, കപൂർ ആൻഡ് സൺസ്, ഏ ദിൽഹെ മുഷ്കിൽ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഷാറൂഖ് ഖാൻ നായകനായ റഈസ് എന്ന ചിത്രത്തിൽ നായികയായിരുന്നു മാഹിറ ഖാൻ. 2011ൽ ഇറങ്ങിയ ‘ബോൽ’ ആണ് ഇന്ത്യയിൽ റിലീസ് ചെയ്ത അവസാന പാക് ചിത്രം. പുൽവാമ ആക്രമണത്തോടെയാണ് പാകിസ്താൻ അഭിനേതാക്കളെ ബോളിവുഡ് സിനിമകളിൽനിന്ന് മാറ്റിനിർത്താൻ തുടങ്ങിയത്.

ചിത്രം പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) രംഗത്തെത്തിയിട്ടുണ്ട്. ചിത്രം മഹാരാഷ്ട്രയിൽ ഉടൻ റിലീസ് ചെയ്യാൻ ബോധപൂർവം പദ്ധതിയിടുന്നതായാണ് എം.എൻ.എസ് ആരോപണം. പാകിസ്താൻ എങ്ങനെയാണ് ഇന്ത്യാവിരുദ്ധ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വിശദീകരിക്കേണ്ടതില്ലെന്നും സൈനികരും പൊലീസുകാരും ഇന്ത്യൻ പൗരന്മാരുമെല്ലാം പാക് തീവ്രവാദ പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ചിത്രം മഹാരാഷ്ട്രയിൽ റിലീസ് ചെയ്യരുതെന്ന് അഭ്യർഥിക്കുന്നുവെന്നും എം.എൻ.എസ് കത്തിൽ ചൂണ്ടിക്കാട്ടി.

തിയറ്റർ ഉടമകൾക്കും സീ സ്റ്റുഡിയോസ്, മൂവിടൈം സിനിമ, ഓഗസ്റ്റ് എന്റർടൈൻമെന്റ്, തിലക് എന്റർടെയ്ൻമെന്റ് എന്നിവയുൾപ്പെടെ വിവിധ വിതരണ കമ്പനികൾക്കും എം.എൻ.എസ് കത്തയച്ചിട്ടുണ്ട്. മൾട്ടിപ്ലക്സ് ശൃംഖലയായ പി.വി.ആർ സിനിമാസ് റി​ലീസ് പ്രഖ്യാപിച്ചുള്ള ​പോസ്റ്ററുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - Pakistan's highest-grossing film to release in India; MNS to protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.