വേദിയിൽ ആണുങ്ങള്‍ മാത്രം ഇരുന്ന അമ്മ ഉദ്ഘാടന ചടങ്ങ്: പ്രതികരണവുമായി പാർവതി തിരുവോത്ത്

കൊച്ചി: ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്ന് നടി പാർവതി തിരുവോത്ത്. ശനിയാഴ്ച കലൂരിൽ താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടന വേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് പറയാതെ പാർവതിയുടെ പരോക്ഷ പ്രതികരണം.

'ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്തമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്', പാര്‍വതി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും വനിതാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു. ഇരുവരെയും വേദിയില്‍ ഇരുത്താതെ പുരുഷ താരങ്ങള്‍ മാത്രം ഇരുന്നതിനെ വിമര്‍ശിച്ച് സോഷ്യൽ മീഡിയിയൽ വലിയ വിമർശനമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം.

താന്‍ കര്‍ഷക സരമത്തിനൊപ്പമാണെന്നും പാര്‍വതി പറഞ്ഞു. ഇത്തരം വിഷയങ്ങളെക്കുറിച്ച് അഭിനേതാക്കളും സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടത്. സംവിധായകരും എഴുത്തുകാരുമെല്ലാം സംസാരിക്കണം. എല്ലാവരുടെയും ശബ്ദം പ്രധാനമാണെന്നും മീഡിയാവണിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

"പ്രതികരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കേണ്ടത് കുറേക്കൂടി സ്വാധീനമുള്ള ഉള്ള ഇന്‍ഡസ്ട്രീസിനെയാണ്. അവര്‍ ഒരു ഗുണവുമില്ലാത്ത കാര്യങ്ങളാണ് ട്വിറ്ററിലൂടെ ചെയ്യുന്നത്.

ഇത് ഞാനൊരു തലപ്പത്ത് ഇരുന്ന് ബാക്കിയുള്ളവരെ ജഡ്ജ് ചെയ്യുന്നതല്ല. ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്‌സ് ആണ് എത്രത്തോളം അവര്‍ മിണ്ടാതിരിക്കണം എന്നുള്ളത്. ഒരു പുതിയ വഴി വെട്ടിത്തെളിച്ച് മുന്‍പോട്ട് പോകണം എന്നുള്ളത് ഒരു പേഴ്‌സണല്‍ ചോയ്‌സാണ്.

അതിനെ സംബന്ധിച്ച് വരുന്ന എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാന്‍ തയ്യാറുള്ള ആളുകൂടിയാണ് ഞാന്‍. അത് ചെയ്യണ്ട എന്നൊരാള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ നമുക്ക് ഫോഴ്‌സ് ചെയ്ത് ചെയ്യിപ്പിക്കാന്‍ സാധിക്കില്ല.- പാർവതി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.