ഷാരുഖ് സിനിമ പത്താൻ തീയറ്ററുകളിൽ തകർത്ത് ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് വൈറലായി ഒരു ചിത്രം. ബോളിവുഡിന്റെ എവർഗ്രീൻ പ്രണയചിത്രം ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ (ഡി.ഡി.എൽ.ജെ) യുടെ പോസ്റ്ററും പത്താന്റെ പോസ്റ്ററും ഒരു തീയറ്ററിൽ ഒരുമിച്ച് പതിച്ചിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്. ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‍ലാനിയാണ്.
ഡി.ഡി.എൽ.ജെ പുറത്തിറങ്ങിയിട്ട് 28 വർഷമായി. ഒരു തലമുറയുടെ പ്രണയസ്വപ്നങ്ങൾക്ക് നിറം പകർന്ന സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊന്നും ഇനിയും പ്രേക്ഷകർക്ക് ആഘോഷിച്ച് മതിവന്നിട്ടില്ല. ഇന്ത്യൻ സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ ഓടിയ ചിത്രമെന്ന വിശേഷണവും ഡിഡിഎൽജെയ്ക്ക് സ്വന്തമാണ്. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും സ്വന്തമാക്കി.
നീണ്ട 20 വർഷമാണ് മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ചിത്രം മുടങ്ങാതെ പ്രദർശിപ്പിച്ചത്. ജനുവരി 25നാണ് ഷാരൂഖിന്റെ എറ്റവും പുതിയ ചിത്രം പത്താൻ റിലീസിനെത്തിയത്. ചിത്രം ഒരുപാട് വിമർശനങ്ങൾ നേരിട്ടെങ്കിലും ഗംഭീര ഹിറ്റായി മാറിയിരിക്കുകയാണ്. മുംബൈ മറാത്ത മന്ദിർ തീയറ്ററിൽ പത്താനും ഡി.ഡി.എൽ.ജെയും പ്രദർശിപ്പിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ചിത്രമാണ് പൂജ ഷെയർ ചെയ്തത്.
‘ഈ രണ്ട് ചിത്രങ്ങൾ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് മനോഹരമായ ഒരു യാത്രയെക്കുറിച്ചാണ്. വേറെ ആരുടെയുമല്ല ഷാരൂഖ് ഖാന്റെ തന്നെയാണ് ആ യാത്ര. ഇനി നിങ്ങൾക്ക് പത്താനു ടിക്കറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല കാരണം, മറ്റൊരു ചോയ്‌സുണ്ടല്ലോ’-പൂജ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ പത്താൻ നാല് ദിവസം കൊണ്ട് 429 കോടിയാണ് അഗോളതലത്തിൽ നേടിയിരിക്കുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇതിനോടകം ഇന്ത്യയിൽ നിന്ന് മാത്രം 265 കോടിയാണ് സ്വന്തമാക്കിയിട്ടുണ്ട്. ട്രേയിഡ് അനലിസ്റ്റ് തരുൺ ആദർശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒന്നാം ദിവസം ആഗോള തലത്തിൽ 100 കോടി നേടിയ ചിത്രം ഇന്ത്യൻ സിനിമയിലെ ഇതുവരെയുണ്ടായിരുന്ന റെക്കോർഡുകൾ മറികടന്നു. ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ബോളിവുഡ് ചിത്രം എന്ന റെക്കോർഡ് ഇനി പത്താന് സ്വന്തമാണ്. കെ.ജി.എഫ്2 അഞ്ച് ദിവസം കൊണ്ടും ബാഹുബലി ആറ് ദിവസം കൊണ്ടുമാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഈ റൊക്കോർഡാണ് നാല് ദിവസം കൊണ്ട് ഷാറൂഖ് മറികടന്നത്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ പ്രദർശനത്തിന് എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. അതേസമയം ഷാറൂഖ് ഖാന്റെ മടങ്ങി വരവ് ആരാധകരും ബോളിവുഡ് സിനിമാ ലോകവും ഒരുപോലെ ആഘോഷമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.