ബോളിവുഡിലെ രണ്ട് സൂപ്പർ സ്റ്റാറുകൾക്ക് വമ്പൻ തിരിച്ചുവരവ് നൽകിയതിന്റെ നിറവിലാണ് ബ്രഹ്മാണ്ഡ സംവിധായകനായ സിദ്ധാർഥ് ആനന്ദ്. ‘വാർ’ എന്ന ചിത്രത്തിലൂടെ ഹൃതിക് റോഷനും ‘പത്താനി’ലൂടെ ഷാരൂഖ് ഖാനും ബോക്സോഫീസ് റെക്കോർഡ് പട്ടികയിൽ തിരിച്ചെത്താൻ സാധിച്ചു.
പത്താൻ ഏഴ് ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടുമായി വാരിക്കൂട്ടിയത് 634 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് 395 കോടിയും ഓവർസീസ് കലക്ഷൻ 239 കോടിയും പിന്നിട്ടുകഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം 500 കോടിയിലേറെ നേടുമെന്നാണ് കണക്കുകൂട്ടലുകൾ.
പത്താൻ വിജയമായതോടെ, യാഷ് രാജ് ഫിലിംസ് അവരുടെ സ്പൈ യൂനിവേഴ്സ് വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സൽമാൻ ഖാന്റെ ടൈഗറും ഷാരൂഖ് ഖാന്റെ പത്താനും ഒരുമിച്ച് ഒരു സിനിമയിൽ എത്തിയതോടെ, ഹൃത്വികിന്റെ കബീറും പത്താനും ചേർന്നുള്ള സിനിമ വരുമോ എന്നാണ് ഇരുതാരങ്ങളുടെയും ആരാധകരുടെ സംശയം.
എന്നാൽ, അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് സംവിധായകനായ സിദ്ധാർഥ് ആനന്ദ്. ‘അങ്ങനെയൊരു ചിന്ത മുമ്പുണ്ടായിരുന്നു. എന്നാൽ, ഈ യൂനിവേഴ്സിനെ സംയോജിപ്പിക്കാൻ പത്താനിലൂടെ ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളെയും ഒന്നിച്ചുകൊണ്ടുവരാൻ സമയമായിട്ടില്ല. എങ്കിലും തീർച്ചയായും ആ ക്രേസോവർ സംഭവിച്ചിരിക്കും’’. -അദ്ദേഹം പറഞ്ഞു.
“സൽമാന്റെ ടൈഗർ സീരീസിലെ രണ്ട് സിനിമകൾ ചെയ്തപ്പോഴോ വാർ ചെയ്തപ്പോഴോ ആരുടെയും മനസ്സിൽ അത്തരമൊരു ചിന്തയുണ്ടായിരുന്നില്ല. എന്നാൽ, വാറിന്റെ വിജയത്തിന് ശേഷമാണ് നമ്മൾ സ്പൈ യൂനിവേഴ്സിനെ കുറിച്ച് ചിന്തിച്ചത്. പത്താന്റെ കഥ വന്നതോടെ അത് കൂടുതൽ വികസിപ്പിക്കാൻ തീരുമാനിച്ചതായും’’ അദ്ദേഹം പറയുന്നു.
അതേസമയം, പത്താനിലെ ജോൺ എബ്രഹാമിന്റെ ‘ജിം’ എന്ന വില്ലൻ കഥാപാത്രത്തിന് ഒരു പ്രീക്വൽ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും സിദ്ധാർഥ് ആനന്ദ് മറുപടി നൽകി. കബീറും ജിമ്മും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പത്താനിൽ പരാമർശിക്കുന്നതിനാൽ അതും പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലെന്നാണ് സംവിധായകൻ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.