നാല് വർഷങ്ങൾക്ക് ശേഷമുള്ള കിങ് ഖാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയിലെ സിനിമാ പ്രേമികൾ. സംഘ്പരിവാർ സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഷാരൂഖ് ഖാൻ നായകനായ പത്താൻ ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് അമ്പത് കോടിയിലേറെയെന്നാണ് റിപ്പോർട്ടുകൾ.
മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രമായി 55 കോടി രൂപയാണ് നേടിയത്. ഹിന്ദി ചിത്രങ്ങളിൽ നിലവിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ റെക്കോർഡ് പത്താൻ സ്വന്തമാക്കിയിരിക്കുകയാണ്. കെ.ജി.എഫ് ഹിന്ദി പതിപ്പ് 53.95 കോടിയായിരുന്നു നേടിയത്. 51 കോടി സ്വന്തമാക്കിയ വാർ ആണ് മൂന്നാം സ്ഥാനത്ത്.
മൾട്ടി പ്ലക്സുകളിൽ നിന്ന് മാത്രമായി 30 കോടിക്കടുത്താണ് ആദ്യ ദിനം നേടിയതെന്ന് പ്രമുഖ സിനിമാ അനലിസ്റ്റായ തരൺ ആദർശ് ട്വീറ്റ് ചെയ്തിരുന്നു. പി.വി.ആർ, ഐനോക്സ്, സിനിപോളിസ് എന്നീ വമ്പൻ മൾട്ടിപ്ലക്സ് ചെയിനുകളിൽ മാത്രമായാണ് ചിത്രം അത്രയും കളക്ഷൻ നേടിയത്.
ആദ്യ ദിനം ചിത്രത്തിന്റെ കളക്ഷൻ അമ്പത് കോടിയിലെത്തുമെന്ന് മറ്റൊരു അനലിസ്റ്റ് സുമിത് കദെലും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ 5500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശത്ത് 2500 ഇടത്തും. കേരളത്തിൽ 130 തിയേറ്ററുകളിലെത്തിയിരുന്നു.
ബുധനാഴ്ച രാവിലെ ആറു മണിക്കായിരുന്നു പത്താന്റെ ആദ്യ ഷോ. റിലീസിന് മുമ്പ് തന്നെ പത്താൻ 4.19 ലക്ഷം അഡ്വാൻസ് ബുക്കിങ് സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസും കോടികളായിരുന്നു.
2018ൽ റിലീസ് ചെയ്ത സീറോ എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ് ഒരു ഷാറൂഖ് ചിത്രം ബോളിവുഡിൽ റിലീസ് ചെയ്യപ്പെടുന്നത്. തുടർ പരാജയങ്ങൾക്ക് പിന്നാലെ, വലിയ ഇടവേളയാണ് താരമെടുത്തത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ ദീപിക പദുക്കോൺ, ജോൺ അബ്രഹാം എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഷാരൂഖിനൊപ്പം ഇരുവർക്കും വലിയ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.