കൊച്ചി: താരസംഘടന 'അമ്മ'യുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്തയാളെ കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59)നെയാണ് കസ്റ്റഡിയിലെടുത്തത്. ഇടവേള ബാബുവിന്‍റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
തന്നെയും 'അമ്മ' സംഘടനയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പ്രസ്താവന വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അപകീർത്തികരമായ വിഡിയോയും വന്നത്.
ഇടവേള ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് പ്രതിയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സൈബർ പോലീസ് അറിയിച്ചു.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും എങ്ങനെ സെൻസറിങ് കിട്ടിയെന്ന് അറിയില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ വിവാദ പ്രസ്താവന. നായിക മോശമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇവിടെ എങ്ങനെ ഓടിയെന്ന് മനസിലാകുന്നില്ല. ഇവിടെ ആര്‍ക്കാണ് മൂല്യചുതി സംഭവച്ചത് സിനിമക്കാര്‍ക്കോ, പ്രേക്ഷകനോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു. നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷത്തിൽ സംസാരിക്കവെയാണ് ഇടവേള ബാബു ചിത്രത്തെ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.