'ശ്രീരാമനെയും രാമായണത്തെയും കളിയാക്കുന്ന സിനിമ'; ആദിപുരുഷിനെതിരെ ഹിന്ദു സേനയുടെ ഹരജി

ന്യൂഡൽഹി: 'ആദിപുരുഷ്' സിനിമ ശ്രീരാമനെയും രാമായണത്തെയും കളിയാക്കുന്നതാണെന്നാരോപിച്ച് ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. ഹിന്ദു സേന എന്ന സംഘടനയാണ് ഹരജി നൽകിയത്. രാമായണത്തെയും രാമനെയും സംസ്‌കാരത്തെയും പരിഹസിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരുടെ പരാതി.

രാമനെയും രാമായണത്തെയും കളിയാക്കുന്ന രീതിയിലുള്ള രംഗങ്ങൾ സിനിമയിലുണ്ടെന്നും ഇത് നീക്കം ചെയ്യാൻ കോടതി നിർദേശിക്കണമെന്നുമാണ് ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയുടെ ഹരജിയിലെ ആവശ്യം. രാമനെയും രാവണനെയും സീതയെയും ഹനുമാനെയും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് കൃത്യതയില്ലാതെയും അനുയോജ്യമല്ലാതെയുമാണ് -ഹരജിയിൽ പറയുന്നു.

വാൽമീകി മഹർഷി രാമായണത്തിൽ പറയുന്നത് പോലെയല്ല ആദിപുരുഷിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദു ബ്രാഹ്മണനായ രാവണനെ തീർത്തും തെറ്റായ രീതിയിൽ ഭീതിജനിപ്പിക്കുന്ന മുഖത്തോടെയാണ് അവതരിപ്പിച്ചത്. ഇത് ഹിന്ദു സംസ്കാരത്തെ അപമാനിക്കലാണ്. രാവണനുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളും വാസ്തവവിരുദ്ധമാണ് -ഹരജിയിൽ പറയുന്നു. 

ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ചിത്രം ത്രീഡിയിലാണ് ഇന്ന് തിയറ്ററുകളിലെത്തിയത്. 700 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ഇന്ത്യൻ സിനിമ എന്ന വിശേഷണത്തോടെയാണ് ആദിപുരുഷ് എത്തിയത്. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയിൽ പ്രഭാസ് ശ്രീരാമനായും, സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്നു. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിച്ചത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്‍റെ മൂന്നാമത്തെ പ്രൊജക്ടാണ് ആദിപുരുഷ്.

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം റിലീസിന് മുന്‍പ് വലിയ വാര്‍ത്തയായിരുന്നു. സിനിമ കാണാൻ ഹനുമാനെത്തും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്. ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്‍റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ചിത്രത്തിന്‍റെ റിലീസ് ദിനമായ ഇന്ന് വിവിധ തിയറ്ററുകളില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Tags:    
News Summary - Plea against Adipurush in Delhi HC for hurting Hindu sentiments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.