പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ചിത്രമാണ് പ്രഭാസിന്റെ 'കൽകി 2898 എ.ഡി'. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം 2024 മെയ് ഒമ്പതിനാണ് തിയറ്ററുകളിലെത്തുന്നത്. പ്രഭാസ് ചിത്രം എന്നതിൽ ഉപരി ഇന്ത്യൻ സിനിമയിലെ മുൻനിരതാരങ്ങളാണ് കൽക്കിയിൽ പ്രധാനവേഷത്തിലെത്തുന്നത്. ദീപിക പദുകോൺ ആണ് നായിക. അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി എന്നാണ് പുറത്തു വരുന്ന വിവരം.
വ്യത്യസ്തമായ പ്രമോഷൻ രീതികളാണ് കൽക്കി ടീം പിന്തുടരുന്നത്. വാരാണസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴിയാണ് നിർമാതാക്കൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ ഷാറൂഖ് ഖാന്റെ വസതിയായ മന്നമത്തും കൽക്കിയുടെ പ്രമോഷന്റെ ഭാഗമായിരിക്കുകയാണ്. കിങ് ഖാന്റെ വസതിക്ക് മുന്നിൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശിപ്പിച്ചിരിക്കുകയാണ്. ജനങ്ങൾ തടിച്ചു കൂടുന്ന സ്ഥലങ്ങളിലാണ് കൽക്കിയുടെ റിലീസ് തീയതി പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റർ പ്രദർശിപ്പിച്ചത്. മുംബൈയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടുന്ന സ്ഥലങ്ങളിലൊന്നാണ് ഷാറൂഖിന്റെ മന്നത്ത്. നിരവധി പേരാണ് ദിവസവും മന്നത്തിന് മുന്നിലെത്തുന്നത്. എന്നാൽ ഷാറൂഖ് ഖാന്റെ വസതിക്ക് മുന്നിൽ അധികം ഫിലിം പ്രമോഷനുകൾ നടക്കാറില്ല. എന്നാൽ കിങ് ഖാന്റെ അടുത്ത സുഹൃത്തുക്കാളാണ് ചിത്രത്തിൽ എത്തുന്നത്, അതുകൊണ്ടാകും മന്നത്തിന് മുന്നിൽ കൽക്കിയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്.
നാഗ് അശ്വിന്റെ കൽക്കി 600 കോടി രൂപക്കാണ് ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൽക്കി ഒരു 'സ്റ്റാൻഡ് എലോൺ' സിനിമയായിരിക്കുമെന്ന്നാഗ് അശ്വിൻ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ചിത്രത്തിന് സീക്വലുകളോ പ്രീക്വലുകളോ കാണില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ സാൻ ഡിയാഗോ കോമിക്-കോണിൽ നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ അംഗീകാരം നേടിയ ചിത്രമാണ് 'കൽക്കി 2898 എഡി'. ചിത്രത്തിന്റെ റിലീസിനായി വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.