ബംഗളൂരു: സാൻഡൽവുഡിന് ഇന്ത്യൻ സിനിമ ലോകത്ത് പുതിയ മേൽവിലാസം നേടിക്കൊടുത്ത സംവിധായകനാണ് പ്രശാന്ത് നീൽ. പ്രശാന്ത് നീലിന്‍റെ മാസ് എന്റർടെയ്നറായ 'കെ.ജി.എഫ്' ഇന്ത്യയിൽ ഒട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. കിടിലൻ ഡയലോഗുകൾ കൊണ്ട് ആരാധകരെ കോരിത്തരിപ്പിക്കുന്ന സംവിധായകൻ വാക്സിനെടുത്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുത്തിവെപ്പെടുക്കവെ തലതാഴ്ത്തി മുഖം പൊത്തിയിരിക്കുന്ന പ്രശാന്ത് നീലിന്‍റെ ചിത്രം ട്രോളൻമാർ ഏറ്റെടുത്തു. വെള്ളിത്തിരയിൽ പഞ്ച് ഡയലോഗുകൾ എഴുതുന്ന സംവിധായകന് സൂചി പേടിയാണെന്ന തരത്തിലുള്ള ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പ്രശാന്തിന്‍റെ സിനിമകളില്‍ വയലന്‍സും സംഘട്ടനങ്ങളും ധാരാളം ഉണ്ടെങ്കിലും കൊച്ചുകുട്ടികളെക്കാള്‍ ലോലമായ മനസ്സാണെന്ന് ചിലർ കുറിക്കുന്നു.
കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം എല്ലാവരോടും വാക്സിനെടുക്കാൻ അഭ്യർഥിച്ചായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചത്. എന്നാൽ വാക്സിനേഷനിൽ നിന്ന് മാറി ചർച്ച അദ്ദേഹത്തിന്റെ ചിത്രത്തിന്‍റെ പുറത്തായി എന്നതാണ് വാസ്തവം.
കെ.ജി.എഫിലെ പ്രശസ്തമായ പഞ്ച് ഡയലോഗുകൾ ചേർത്ത് ചിലർ മീമുകളും തയാറാക്കി.
2014ൽ പുറത്തിറങ്ങിയ 'ഉഗ്രം' ആണ് പ്രശാന്ത് നീൽ ആദ്യമായി സംവിധാനം ചെയ്തത്. ചിത്രം കന്നഡയിൽ വലിയ വിജയമായിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം യാഷ് നായകനായി എത്തിയ കെ.ജി.എഫ് സംവിധാനം ചെയ്തതോടെ പ്രശാന്ത് നീൽ ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറി.
പാൻ ഇന്ത്യൻ ഹിറ്റായ കെ.ജി.എഫിന്‍റെ രണ്ടാം ഭാഗം ഈ വർഷം പുറത്തിറങ്ങാനിരിക്കുകയാണ്. ജൂലൈ 16നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ഡൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. നീലിന്‍റെ അടുത്ത ചിത്രത്തിൽ തെലുഗു സൂപ്പർ താരം ജൂനിയർ എൻ.ടി.ആറാണ് നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.