'ഇത്ര കാലം സംസാരിച്ചിട്ടും നിനക്ക് ഇത്രയും പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് മനസിലാകാത്തതില്‍ സോറി', നടൻ ശരത് ചന്ദ്രന്റെ വിയോഗത്തിൽ സുഹൃത്ത്

യുവനടൻ ശരത്തിന്റെ വിയോഗം പ്രേക്ഷകരേയും ഉറ്റവരേയും ആകെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. നടന്റെ അപ്രതീക്ഷിത വേർപാട് ഇനിയും വിശ്വസിക്കാനായിട്ടില്ല. ശരത്തിന് ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറില്ലെന്ന് സുഹൃത്ത് പ്രയാൻ വിഷ്ണു. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം കുറിച്ചത്. ശരതിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കാതിരുന്നതിൽ ക്ഷമയും ചോദിക്കുന്നുണ്ട്.

നമുക്ക് അറിയാവുന്ന ഒരാള്‍ക്ക് പ്രശ്‌നമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അതില്‍ നിന്നും ആ വ്യക്തിയെ പുറത്ത് കൊണ്ടുവരാന്‍ നമ്മളും ശ്രമിക്കണം. ഒരു പക്ഷെ പണം കൊടുത്ത് നമുക്ക് സഹായിക്കാന്‍ പറ്റിയില്ലെങ്കിലും. ഒരു വാക്ക് കൊണ്ടോ. ഒരു നല്ല സംസാരം കൊണ്ടോ ഒരാളെ നമുക്ക് സഹായിക്കാൻ പറ്റും. ഇനിയിപ്പോൾ നമുക്ക് ഒരു പരിചയവും ഇല്ലാത്ത ഏതെങ്കിലും ഒരു മനുഷ്യന്‍ നമ്മുടെ കണ്മുന്നില്‍ തകര്‍ന്നിരിക്കുകയാണ് എന്ന് തോന്നിയാലും 'സംസാരിക്കണം- പ്രയാൻ വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...

ശരത്തെ, അടുത്തറിയാവുന്ന ആളുകള്‍ ആരെങ്കിലും ജീവിതം അവസാനിപ്പിച്ചാല്‍ ഞാന്‍ ഉള്‍പ്പടെ ഉള്ള സമൂഹം പറയും. അവനു ഇത്രക്കും പ്രശ്‌നം ഉണ്ടായിരുന്നോ, എന്താണ് അവനു ഇത്ര വലിയ പ്രശ്‌നം എന്നൊക്കെ. 'പ്രശ്‌നം ' അത് തന്നെയാണ് പ്രശ്‌നം. പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. ശാരീരിക പ്രശ്‌നം, സാമ്പത്തിക പ്രശ്‌നം, പ്രണയ പ്രശ്‌നം, ജോലി പ്രശ്‌നം, പ്രശ്നത്തോട് പ്രശ്‌നം. ഒരുപക്ഷെ ജീവിതത്തില്‍ ഒരു തവണ എങ്കിലും ' ചത്തു കളഞ്ഞാലോ ' എന്ന് തോന്നാത്തവര്‍ വളരെ വിരളമാണ്. അപ്പോഴത്തെ ഒരു സിറ്റുവേഷന്‍ കാരണം ആയിരിക്കും അങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ചില ആള്‍ക്കാര്‍ പക്ഷെ അത് അങ്ങ് ചെയ്ത് കളയും. ഞാന്‍ ഇന്നും വിശ്വസിക്കുന്നു ആത്മഹത്യ ചെയ്യാന്‍ മാരക ധൈര്യം വേണം. അതിന്റെ നൂറില്‍ ഒരു ശതമാനം മതി ജീവിക്കാന്‍. ശരിയാണ്. ഡിപ്രഷന്‍ എന്ന് പറയുന്നത് വല്ലാത്ത ഒരു അവസ്ഥ ആണ്. ചിലര്‍ക്ക് അതില്‍ നിന്നും പെട്ടെന്ന് പുറത്ത് കടക്കാന്‍ പറ്റും, ചിലര്‍ക്ക് പറ്റില്ല.

നമുക്ക് അറിയാവുന്ന ഒരാള്‍ക്കു ഒരു പ്രശ്‌നം ഉണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ അതില്‍ നിന്നും ആ വ്യക്തിയെ പുറത്ത് കൊണ്ടുവരാന്‍ നമ്മളും ശ്രമിക്കണം. ഒരു പക്ഷെ പണം കൊടുത്ത് നമുക്ക് സഹായിക്കാന്‍ പറ്റിയില്ലെങ്കിലും. ഒരു വാക്ക് കൊണ്ടോ. ഒരു നല്ല സംസാരം കൊണ്ടോ ഒരാളെ നമുക്ക് ഹെല്‍പ്പ് ചെയ്യാന്‍ പറ്റും. അതിനു ഈ പറഞ്ഞ വ്യക്തിയും ആ വ്യക്തിക്ക് ചുറ്റും ഉള്ള ആള്‍ക്കാരും ഒരുപോലെ ചിന്തിക്കണം. എല്ലാവരും ഒരു ഓട്ടത്തില്‍ ആയിരിക്കും. ശരിയാണ്, എല്ലാര്‍ക്കും ജീവിക്കണ്ടേ, പക്ഷെ ആ ഓട്ടത്തിന്റെ ഇടയിലെ ഒരു മിനിറ്റ് ബ്രേക്ക് മതിയാവും ഒരാളുടെ തെറ്റായ തീരുമാനം തിരുത്തി കൊടുക്കാന്‍.

സൗഹൃദത്തില്‍ ആയാലും, രക്ത ബന്ധത്തില്‍ ആയാലും. വല്ല പ്രശ്‌നങ്ങളോ, തെറ്റിദ്ധാരണകളോ, ദേഷ്യമോ, വിഷമമോ എന്താണേലും പറഞ്ഞു സോള്‍വ് ചെയ്യാന്‍ നോക്കണം. അല്ലാതെ ഒരു കാര്യവും മനസ്സില്‍ വെച്ച് നടന്നിട്ട് ഒരു കാര്യവും ഇല്ല. ഇനിയിപ്പോ നമുക്ക് ഒരു പരിചയവും ഇല്ലാത്ത ഏതെങ്കിലും ഒരു മനുഷ്യന്‍ നമ്മുടെ കണ്മുന്നില്‍ തകര്‍ന്നിരിക്കുകയാണ് എന്ന് തോന്നിയാലും. 'സംസാരിക്കണം. അളിയാ, ഇത്ര കാലം സംസാരിച്ചിട്ടും നിനക്ക് ഇത്ര വലിയ പ്രശ്‌നം ഉണ്ടായിരുന്നു എന്ന് മനസിലാകാത്തതിൽ സോറി.

Tags:    
News Summary - Prayan Vishnu Heart Touching Write Up About Late Actor Sarath Chandran's Memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.