മുസ്തഫ രാജുമായുള്ള വിവാഹത്തിന് ശേഷം നേരിടേണ്ടിവന്ന ട്രോളുകളും വിവാദങ്ങളും തന്നെ ബാധിച്ചെന്ന് നടി പ്രിയാമണി. ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ മാത്രമല്ല, വിവാദങ്ങൾ കുടുംബത്തെയും ബാധിച്ചു. എന്നാൽ, ഭർത്താവ് മുസ്തഫ കൂടെ നിന്നെന്നും പ്രിയ കൂട്ടിച്ചേർത്തു.
'മുസ്തഫയുമായുള്ള വിവാഹശേഷം ഉണ്ടായ വിവാദങ്ങളും ട്രോളുകളും എന്നെ വളരെയധികം ബാധിച്ചു. എന്നെ മാത്രമല്ല എന്റെ കുടുംബത്തേയും ബാധിച്ചു. പ്രത്യേകിച്ച് എന്റെ മാതാപിതാക്കളെ. പക്ഷെ, ആ സമയത്ത് ഭർത്താവ് എനിക്കൊപ്പം നിന്നു.
എനിക്കെതിരെ ധാരളം കിംവദന്തികൾ ഉയർന്നിരുന്ന സമയത്താണ് ഞങ്ങൾ കാണുന്നത്. എന്റെ ഭാഗം ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കിയിരുന്നു. കാരണം, ഞങ്ങളുടേത് ഒന്നിച്ചുള്ള ചുവടുവെപ്പാണ്. ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിച്ചവരാണ്. ജീവിത യാത്രയിൽ എന്തൊക്കെ സംഭവിച്ചാലും ഒരുമിച്ചായിരിക്കും സഞ്ചരിക്കുക. എന്നെ മനസിലാക്കുന്ന ഒരു മികച്ച പങ്കാളിയെ കിട്ടിയതിൽ ഞാൻ വളരെ സന്തോഷവതിയാണ്. കൂടാതെ, കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം'- പ്രിയാമണി പറഞ്ഞു.
2017ലായിരുന്നു മുസ്തഫയുമായുള്ള പ്രിയാമണിയുടെ വിവാഹം. മുസ്തഫയുടേത് രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത ൽ രണ്ട് മക്കളുണ്ട്. 2013ൽ അയേഷയുമായി വേർപിരിഞ്ഞതിന് ശേഷമാണ് പ്രിയയെ വിവാഹം കഴിച്ചത്. പ്രിയാമണിയും മുസ്തഫയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന അവകാശപ്പെട്ട് അയേഷ രംഗത്തെത്തിയിരുന്നു . വളരെക്കാലമായി വേർപിരിഞ്ഞു താമസിക്കുകയാണെങ്കിലും താനും മുസ്തഫയും നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ല എന്നാണ് ആയിഷ പറഞ്ഞത്.
'നിയമപരമായി ഞങ്ങൾ ഭാര്യാഭർത്താക്കന്മാരാണ്. അതിനാൽ മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങൾ വിവാഹമോചനത്തിന് പോലും ഇതുവരെ അപേക്ഷിച്ചിട്ടില്ല' എന്നാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആയിഷ പറഞ്ഞത്.
തെന്നിന്ത്യൻ സിനിമലോകത്തും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടി പ്രിയാമണി. 2023 ൽ പുറത്തിറങ്ങിയ ഷാറൂഖ് ഖാൻ ചിത്രം ജവാനിൽ ഒരു പ്രധാന വേഷത്തിൽ നടി എത്തിയിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അജയ് ദേവ്ഗണിനൊപ്പം മൈദാൻ ആണ് പ്രിയയുടെ ഏറ്റവും പുതിയ ചിത്രം. ഈദ് റിലീസായി എത്തിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.