താരങ്ങളുടെ പ്ലാസ്റ്റിക് സർജറി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത് നടൻ രാജ്കുമാർ റാവുവാണ്. കഴിഞ്ഞ ദിവസം നടന്റേതായ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നടൻ പ്ലാസ്റ്റിക് സർജറി ചെയ്തതോ എന്നാണ് ആരാധകർ ചോദിച്ചത്. സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ വ്യക്തത വരുത്തി നടൻ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന ചിത്രങ്ങൾ തന്റേതല്ലെന്നും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്നും നടൻ പറഞ്ഞു.
'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ ചിത്രം എന്റേതല്ല. ആരോ തമാശക്ക് ചെയ്തത് ആണെന്നാണ് തോന്നുന്നത്. ചിത്രത്തിൽ കാണുന്നത് ആൾ ഞാൻ അല്ല. എന്റെ ഏതോ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്നാണ് വിശ്വസിക്കുന്നത്.
ആ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആളുകൾ എന്റെ പഴയ ഫോട്ടോ പരിശോധിക്കാൻ തുടങ്ങി. പ്ലാസ്റ്റിക് സർജറി പോലുള്ള വലിയ വാക്കുകളാണ് ഉപയോഗിക്കുന്നത്. പക്ഷെ ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇത് വളരെ തമാശയാണ്. പ്രചരിക്കുന്നത് വ്യാജ ചിത്രമാണെന്ന് എനിക്ക് അറിയാം.
ഒമ്പത് വർഷം മുമ്പ് ഞാൻ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. തുടക്കകാലത്ത് ആളുകൾ എന്റെ ലുക്കിനെക്കുറിച്ച് കമന്റുകൾ പറഞ്ഞതിനെ തുടർന്നാണ് ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരിഹാരം തേടിയത്. അതോടെ മുഖം കുറച്ചുകൂടി നന്നാവുകയും ആത്മവിശ്വാസം കൂടുകയും ചെയ്തു. ആത്മവിശ്വാസം നേടുന്നതിന് ആരെങ്കിലും ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചെയ്യാം.
ഈ ഫോട്ടോയുമായി ബന്ധപ്പെട്ടുള്ള ട്രോളുകളൊന്നും എന്നെ ബാധിച്ചിട്ടില്ല.കാരണം വ്യാജമാണെന്ന് എനിക്ക് അറിയാം. നന്നായി വസ്ത്രം ധരിക്കാനും ഭംഗിയായിരിക്കാനും പലരും ശ്രമിക്കുന്നുണ്ട്. സന്തോഷംതോന്നുന്ന കാര്യം ചെയ്യുമ്പോഴാണ് ഒരാൾക്ക് ആത്മവിശ്വാസമുണ്ടാവുന്നത്'- രാജ്കുമാർ റാവു കൂട്ടിച്ചേർത്തു.
ജ്യോതിക നായികയാവുന്ന ശ്രീകാന്ത് ആണ് രാജ്കുമാർ റാവുവിന്റെ പുതിയ ചിത്രം. മേയ് 10-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.