‘ഇത്തരം കാര്യങ്ങൾ എത്രത്തോളം നോർമലൈസ് ചെയ്യുന്നോ അത്രത്തോളം നല്ലത്’; സ്ത്രീ സുരക്ഷയെപ്പറ്റി തുറന്നുപറഞ്ഞ് ബോളിവുഡ് നടി

സ്ത്രീ സുരക്ഷയെക്കുറിച്ചും അതിനായി സമൂഹത്തിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് നടി രാകുൽ പ്രീത് സിങ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അടിസ്ഥാന പാഠം നാം ഇതുവരെ മനസിലാക്കിയിട്ടില്ലെന്നും സ്കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സാഹചര്യം ഉണ്ടാകണം എന്നും രാകുൽ പറഞ്ഞു. ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

‘എന്തുകൊണ്ടാണ് സ്ത്രീ സുരക്ഷ ഇപ്പോഴും ഒരു വലിയ പ്രശ്നമായി നിലനിൽക്കുന്നത്? എന്തുകൊണ്ടാണ് പുരുഷന്മാർ ഇതിന് ഉത്തരവാദികളല്ലാത്തത്? രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നതോ ഒരു പ്രത്യേക രീതിയിൽ വസ്ത്രം ധരിച്ച് നടക്കുന്നതോ ആയ സ്ത്രീകളെയോ പെൺകുട്ടികളെയോ കാണുന്നത് ഒരു വിചിത്രമായ കാര്യമാണെന്ന് ചില പുരുഷന്മാർക്ക് തോന്നുന്നത് എന്തുകൊണ്ടാണ്? ഇവിടെ പെൺകുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണ്?, രാകുൽ ചോദിച്ചു.

‘കോളേജിൽ പഠിക്കുമ്പോൾ പോലും ആൺകുട്ടികളെ പെൺകുട്ടികളിൽ നിന്ന് അകറ്റി നിർത്താൻ ചിലർ ശ്രമിക്കുന്നു. നിങ്ങൾ എത്രയധികം ശ്രമിക്കുന്നുവോ അത്രയധികം നിങ്ങൾ അവരെ സ്ത്രീകളെ അക്രമിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ എത്രത്തോളം നോർമലൈസ് ചെയ്യുന്നോ അത്രത്തോളം നല്ലത്. ഇത്തരം കാര്യങ്ങളിൽ ഒരാളുടെ മാനസികാവസ്ഥയും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു’-താരം പറഞ്ഞു.

‘സ്ത്രീകളോട് സംസാരിക്കരുത് എന്നു കേട്ടാണ് ഇവരിൽ പലരും വളർന്നുവന്നത് എന്ന് എനിക്ക് തോന്നുന്നു. സ്കൂൾ തലം മുതൽ ആ അകലം ഉണ്ടാകുന്നു. ജിജ്ഞാസ മൂലമാണ് ചിലർ പല അതിക്രമങ്ങൾക്കും മുതിരുന്നതെന്നും’രാകുൽ പറഞ്ഞു. വീടുകളിലും സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നിർബന്ധമായും നൽകണമെന്നും രാകുൽ അഭിപ്രായപ്പെട്ടു.

‘ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ സംസാരിക്കുന്നത് വലിയ സംഭവമായി കാണേണ്ടതില്ല. അത്തരം കാര്യങ്ങൾ സാധാരണമാണ് എന്ന് വീട്ടിൽ നിന്നുതന്നെ പഠിക്കണം. വീട്ടിൽ അത്തരം അന്തരീക്ഷമുണ്ടെങ്കിൽ, ഇത്തരം അതിക്രമങ്ങളെക്കുറിച്ച് നിങ്ങൾ ഒരിക്കലും ചിന്തിക്കില്ല. കോ-എ‍ഡ്യുക്കേഷനും സാധാരണമാക്കണം’-രാകുൽ കൂട്ടിച്ചേർത്തു.

‘ഛത്രിവാലി’യാണ് രാകുലിന്റെതായി അവസാനം പുറത്തുവന്ന സിനിമ. തേജസ് വിജയ് ദിയോസ്കർ സംവിധാനം ചെയ്ത ചിത്രം സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗർഭനിരോധന ഗുളികകളെക്കുറിച്ചുമൊക്കെയാണ് പ്രതിപാദിക്കുന്നത്. റോണി സ്ക്രൂവാലയാണ് ചിത്രത്തിന്റെ നിർമാതാവ്. 

Tags:    
News Summary - Rakul Preet pitches for SEX education in 'Chhatriwali', says 'audience appreciation is my reward'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.