ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷത്തിലെത്തിയ ബ്രഹ്മാസ്ത്ര. സെപ്റ്റംബർ 9 ന് പ്രദർശനത്തിനെത്തിയ ചിത്രം ആദ്യം ദിവസം തന്നെ മികച്ച കളക്ഷൻ നേടിയിരുന്നു. ബോളിവുഡ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്ന് അടിയുന്ന സമയത്തായിരുന്നു അയാൻ മുഖർജി ഒരുക്കിയ ബ്രഹ്മാസ്ത്ര പ്രദർശനത്തിനെത്തിയത്. ചിത്രം ബോളിവുഡിൽ പുതിയ ചരിത്രം തന്നെ രചിക്കുകയായിരുന്നു.
ഒരാഴ്ച കൊണ്ട് ആഗോള തലത്തിൽ 300 കോടി നേടിയിരിക്കുകയാണ് ചിത്രം. നിർമാതാവ് കരൺ ജോഹറാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇതിനോടകം തന്നെ ഇന്ത്യയിൽ 200 കോടി സ്വന്തമാക്കിയിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. 400 കോടി ബജറ്റിലാണ് ബ്രഹ്മാസ്ത്ര ഒരുങ്ങിയത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ഇന്ത്യൻ പുരാണ സങ്കൽപങ്ങളെ ഇന്നത്തെ ലോകവുമായി ബന്ധിപ്പിച്ചാണ് കഥ പറയുന്നത്.
ആയാൻ മുഖർജി തിരക്കഥ എഴുതി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയിൽ രൺബീറിനും ആലിയ ഭട്ടിനും ഒപ്പം അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൗനി റോയിയാണ് ചിത്രത്തിൽ നെഗറ്റീവ് വേഷത്തിൽ എത്തിയത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് മൗനിയുടെ കഥാപാത്രത്തിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.