മാതൃദിനത്തോടനുബന്ധിച്ച് പ്രിയങ്ക ചോപ്ര മകൾ മാലതി മേരിയുടെ ആദ്യ ഫോട്ടോ സിനിമ പ്രേമികളുമായി പങ്കിട്ടു. മനോഹരമായ ഫോട്ടോയിൽ, മകളെ മാറോട് ചേർത്തുറക്കുന്ന പ്രിയങ്കക്കൊപ്പം ഭർത്താവ് നിക്ക് ജോനാസും ഉണ്ട്. ജനുവരിയിലാണ് ഇരുവർക്കും വാടക ഗർഭപാത്രത്തിൽ പെൺകുഞ്ഞ് പിറന്നത്. മകളുടെ പേര് മാലതി മേരി എന്നാണെന്ന് പ്രിയങ്ക-നിക് ദമ്പതികൾ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ കുട്ടിയുടെ ചിത്രം പുറത്തുവിടാൻ നടി മാതൃദിനം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിനൊപ്പം പ്രിയങ്ക പങ്കുവെച്ച കുറിപ്പും ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ''ഞങ്ങളുടെ കുഞ്ഞുവാവ ഒടുവിൽ വീട്ടിലെത്തി'' എന്ന തലക്കെട്ടിലാണ് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. 'എൻ.ഐ.സി.യുവിൽ നൂറിലധികം ദിവസങ്ങൾ ചെലവഴിച്ച ശേഷം ഞങ്ങളുടെ കൊച്ചു പെൺകുട്ടി ഒടുവിൽ വീട്ടിലെത്തി. ഓരോ കുടുംബത്തിന്റെയും യാത്ര വ്യത്യസ്തമാണ്.
ഒരു നിശ്ചിത തലത്തിലുള്ള വിശ്വാസം അതിന് ആവശ്യമാണ്. ഞങ്ങളുടേത് വെല്ലുവിളി നിറഞ്ഞ കുറച്ച് മാസങ്ങളായിരുന്നു എന്നാണ് പിന്നോട്ട് നോക്കുമ്പോൾ വ്യക്തമാകുന്നത്. എത്ര വിലപ്പെട്ടതായിരുന്നു ഓരോ നിമിഷവും' -താരം എഴുതി. മകളെ പരിചരിച്ച ലോസ് ആഞ്ചലസിലെ ആശുപത്രി ജീവനക്കാർക്കും ഒപ്പം നിന്നവർക്കും നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.