നടൻ സലിം കുമാറിന്റെ വാക്കുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. നർമത്തിൽ ചാലിച്ചാണ് പറയുന്നതെങ്കിലും അതിൽ ചിന്തിപ്പിക്കുന്ന പല ഘടകങ്ങളും ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള നടന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. നടൻ നിർമൽ പാലാഴിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഏലൂർ മുരുകൻ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് സംവിധായകൻ നാദിർഷയുടെ സഹോദരനും ഗായകനുമായ സമദിന്റെ നേതൃത്വത്തിൽ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലേക്ക് സലിം കുമാറിനേയും ക്ഷണിച്ചിരുന്നു. സമദിന്റെ വാക്കുകളാണ് ഈ പരിപാടിയിലേക്ക് തന്നെ വരാൻ പ്രേരിപ്പിച്ചതെന്നാണ് സലിം കുമാർ പറയുന്നത്.
'സമദ് എന്നോട് പറഞ്ഞത്, ചേട്ടാ ഞങ്ങടെ അമ്പലത്തിൽ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാൻ പറ്റുമോ? എന്ന്. ആ ഞങ്ങടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്, സമദ് എന്റെ അറിവിൽ ഒരു മുസൽമാനാണ്. ആ മുസൽമാൻ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോൾ മനസിലെന്തൊക്കെയോ ഒരു കുളിർമയുണ്ടായി'- സലിം കുമാർ പറഞ്ഞു.
സലിം കുമാറിന്റെ വാക്കുകൾ ഏറ്റെടുത്തും അദ്ദേഹത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.