മുംബൈ: ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. താരത്തിന്‍റെ സിനിമകൾ തിയറ്ററിലെത്തുേമ്പാൾ ആരാധകർ അത് ആഘോഷമാക്കാറുണ്ട്. ഇപ്പോർ സിനിമ പോസ്റ്ററുകളിൽ പാലഭിഷേകം നടത്തുന്നതിൽ നിന്ന് ആരാധകരെ വിലക്കിയിരിക്കുകയാണ് സൽമാൻ. സല്ലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ആന്‍റിം: ദ ഫൈനൽ ട്രൂത്തിന്‍റെ പോസ്റ്ററിൽ ആരാധകർ പാൽ ഒഴിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് താരം അഭ്യർഥന നടത്തിയത്. പാൽ പാഴാക്കുന്നതിന് പകരം ആവശ്യക്കാരായ കുഞ്ഞുങ്ങൾക്ക് നൽകി സഹായിക്കാനാണ് താരം ആവശ്യപ്പെടുന്നത്.
നവംബർ 26നാണ് ആന്‍റിം റിലീസായത്. ചിത്രം തിയറ്ററിൽ തന്നെ റിലീസായതിൽ സൽമാൻ ഖാൻ അതീവ സന്തുഷ്ടനായിരുന്നു. എന്നാൽ പോസ്റ്ററിൽ പാലഭിഷേകം നടത്തുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് പ്രവർത്തിയിലുള്ള തന്‍റെ നീരസം അദ്ദേഹം പ്രകടിപ്പിച്ചത്.
'പലർക്കും വെള്ളം വരെ ലഭിക്കുന്നില്ല, നിങ്ങൾ പാൽ പാഴാക്കുന്നു. നിങ്ങൾക്ക് പാൽ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പാൽ കുടിക്കാൻ കിട്ടാത്ത പാവപ്പെട്ട കുട്ടികൾക്ക് അത് നൽകണമെന്ന് ഞാൻ എന്‍റെ ആരാധകരോട് അഭ്യർഥിക്കുന്നു'-സൽമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സിനിമ തിയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചതിനെതിരെയും സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായതിനാൽ അത്തരം പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കണമെന്നായിരുന്നു സൽമാന്‍റെ ആവശ്യം. പടക്കങ്ങളുമായി ആരാധകർ തിയറ്ററിനകത്ത് കടക്കുന്നത് തിയറ്റർ ഉടമകളും സുരക്ഷ ജീവനക്കാരും തടയണമെന്നും താരം അഭ്യർഥിച്ചു.
മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത ആന്‍റിം സൽമാൻ ഖാൻ ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ മറാത്തി ചിത്രം മുൽഷി പേട്ടണിന്റെ ഹിന്ദി പതിപ്പാണിത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാജ്‍വീര്‍ സിങ് എന്ന പഞ്ചാബി പൊലീസ് ഓഫീസറായാണ് സല്‍മാൻ ചിത്രത്തിലെത്തുന്നത്. പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും തുരത്തുകയാണ് സല്‍മാന്‍ കഥാപാത്രത്തിന്‍റെ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.