തെലുഗു മിത്തോളജി സിനിമയായ ‘ശാകുന്തള’ത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ വിതുമ്പിക്കരഞ്ഞ് നടി സാമന്ത. ചിത്രത്തിന്റെ സംവിധായകൻ ഗുണശേഖർ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു സാമന്തയുടെ കണ്ണുനിറഞ്ഞത്. ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ശാകുന്തളം’. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ആണ് ചിത്രത്തിൽ നായകൻ. ഫെബ്രുവരി 17 നാണ് ‘ശാകുന്തളം’ തിയേറ്ററുകളിൽ എത്തുക.
സമീപകാലത്ത് ജീവിതത്തിലുണ്ടായ പ്രതിസന്ധികൾക്കിടയിലും സിനിമയോടുള്ള തന്റെ പ്രണയം മാറിയിട്ടില്ലെന്ന് ചടങ്ങിൽ സംസാരിച്ച സാമന്ത പറഞ്ഞു. എല്ലാ ധൈര്യവും സംഭരിച്ചാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അവർ പറഞ്ഞു. വിവാഹമോചനത്തിനുശേഷം മയോസൈറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടത്തിലാണ് കുറച്ചുനാളായി സാമന്ത. അതുകൊണ്ടുതന്നെ മാസങ്ങളായി അവർ മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അകന്നു നിൽക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഏറെക്കാലത്തിനുശേഷം സാമന്ത പൊതുവേദിയിലെത്തിയത്. ഇതാണ് നടി വൈകാരികമായി പ്രതികരിക്കാനുള്ള കാരണമെന്നാണ് സൂചന.
‘ഞാൻ ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്നേഹമാണ്. അത്രമാത്രം ഞാൻ സിനിമയെ സ്നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു’-സാമന്ത ചടങ്ങിൽ പറഞ്ഞു.
ഈ അവസരത്തിന് ഗുണശേഖറിന് നന്ദി പറഞ്ഞ സാമന്ത, ഈ വേഷം ലഭിച്ചതിൽ താൻ അങ്ങേയറ്റം ഭാഗ്യമായി കരുതുന്നുവെന്നും പറഞ്ഞു. ‘ഇന്ത്യൻ സാഹിത്യ ചരിത്രത്തിൽ, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖർ സാർ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്’-അവർ കൂട്ടിച്ചേർത്തു.
ഗുണശേഖർ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന സിനിമ തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസിനെത്തുക. ഫെബ്രുവരി 17 ന് സിനിമ പ്രദർശനത്തിനെത്തും. അദിതി ബാലൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഗീത സംവിധാനം ശർമ. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.