രഞ്ജിത്തിനെതിരെ ഷാഫി പറമ്പിൽ: മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ പദവിയിൽ നിന്ന് പുറത്താക്കാൻ തയ്യാറുണ്ടോ?

രാജ്യാന്തര ചലചിത്രമേളയുടെ സമാപന സമ്മേളനത്തിൽ പ്രതിഷേധിച്ചവരെ അവഹേളിച്ച് കൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് നടത്തിയ 'നായ' പരാമർശത്തിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ​തന്റെ പ്രതിഷേധം അറിയിച്ചത്.

രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാൻ തയ്യാറായില്ലെങ്കിൽ ആ പദവിയിൽ നിന്ന് പുറത്താക്കാൻ സാംസ്ക്കാരിക മന്ത്രി തയ്യാറുണ്ടോ ? ഓ നിങ്ങളും പഴയ എസ്.എഫ്​.ഐ ആണല്ലോ...അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസൻസാണ് പഴയ എസ് എഫ് ഐയെന്ന് അടിവരയിടാൻ രഞ്ജിത്തും ശ്രമിക്കുന്നു.അതിനെ തള്ളി പറയാൻ തയ്യാറാവാത്ത പഴയതും പുതിയതുമായ എല്ലാവർക്കും അഭിവാദ്യങ്ങളെന്നാണ് ഷാഫി പറമ്പിൽ എഴുതുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- ``ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ, പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ല. തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ SFI ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാൻ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല,ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓർമ്മ വേണം.

രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാൻ തയ്യാറായില്ലെങ്കിൽ ആ പദവിയിൽ നിന്ന് പുറത്താക്കാൻ സാംസ്ക്കാരിക മന്ത്രി തയ്യാറുണ്ടോ ? ഓ നിങ്ങളും പഴയ SFI ആണല്ലോ...അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസൻസ് ആണ് പഴയ എസ് എഫ് ഐ എന്ന് അടിവരയിടാൻ രഞ്ജിത്തും ശ്രമിക്കുന്നു.അതിനെ തള്ളി പറയാൻ തയ്യാറാവാത്ത പഴയതും പുതിയതുമായ എല്ലാവർക്കും അഭിവാദ്യങ്ങൾ''.

പ്രതിഷേധം നായ്ക്കൾ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ വിവാദ പരാമർശം. വയനാട്ടിലെ വീട് നോക്കുന്നയാൾ നാടൻ നായ്ക്കളെ വളർത്തുന്നുണ്ട്, അവ എന്നെക്കാണുമ്പോൾ കുറയ്ക്കും. ഞാൻ വീട്ടുടമസ്ഥനാണെന്ന ധാരണയൊന്നും അവയ്ക്കില്ല. അത്ര മാത്രമേ ചലച്ചിത്ര മേളയിലെ അപശബ്ദങ്ങളെയും കാണുന്നുള്ളൂ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

Tags:    
News Summary - Shafi Parambil against director Ranjith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.