ഏറെ പ്രതീക്ഷയോടെ, വലിയ ബജറ്റിൽ റിലീസ് ചെയ്ത സീറോ (zero) എന്ന സിനിമ ബോക്സോഫീസിൽ മൂക്കുംകുത്തി വീണതോടെയാണ് ബോളിവുഡിന്റെ കിങ് ഖാൻ നീണ്ട നാല് വർഷക്കാലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നത്. എന്നാൽ, ഇക്കഴിഞ്ഞ ജനുവരി 25ന് ഷാരൂഖ് ഖാൻ ‘പത്താൻ’ എന്ന പേരിൽ ഇന്ത്യൻ ബോക്സോഫീസിൽ ചെറിയൊരു കനലിന്റെ തരിയിട്ടിട്ട് പോയി. അതിപ്പോൾ തീയായി ആളിപ്പടരുകയാണ്. ഹിന്ദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് പത്താൻ.
12 ദിവസങ്ങൾ കൊണ്ട് ചിത്രം ആഗോളതലത്തിൽ വാരിക്കൂട്ടിയത് 832 കോടി രൂപയാണ്. നിർമാതാക്കളായ യാഷ് രാജ് ഫിലിംസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 429 കോടിയും ഓവർസീസ് 317 കോടിയും പിന്നിട്ടുകഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ബാഹുബലി 2-നെ മറികടന്ന പത്താൻ 94 കോടി രൂപയാണ് നേടിയത്. യൂറോപ്പ് അടക്കമുള്ള ചില വിദേശ രാജ്യങ്ങളിലും ബാഹുബലിയുടെ കളക്ഷനെ പത്താൻ മറികടന്നതായി സിനിമാ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ പോക്ക് പോയാൽ ചിത്രം 1000 കോടിയും കടന്ന് ബോളിവുഡിൽ പുതിയ ചരിത്രം കുറിച്ചേക്കും. ഹിന്ദി ഭാഷയിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ പത്താൻ ഇറങ്ങുന്നതിന് മുമ്പ് വരെ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രം ദംഗൽ ആയിരുന്നു. 100 കോടിയുടെ വ്യത്യാസത്തിലാണ് ഇപ്പോൾ ദംഗലിനെ പത്താൻ പിന്നിലാക്കിയിരിക്കുന്നത്. 802 കോടി രൂപയാണ് ബാഹുബലി 2-ന്റെ ഹിന്ദി പതിപ്പ് ആഗോളതലത്തിൽ നേടിയത്. എന്നാൽ, ബാഹുബലി ഡബ്ബ് ചെയ്തായിരുന്നു ഇറക്കിയത്. അതേസമയം, ബാഹുബലിയുടെ ഹിന്ദി പതിപ്പ് ഇന്ത്യയിൽ നിന്ന് മാത്രമായി 512 കോടി രൂപ നേടിയിരുന്നു. പത്താൻ അതും മറികടക്കുമെന്നാണ് പറയപ്പെടുന്നത്.
ആഗോളതലത്തിൽ 1000 കോടി കടന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ, ദംഗൽ, ബാഹുബലി 2, ആർ.ആർ.ആർ, കെ.ജി.എഫ് 2 എന്നിവയാണ്. ചൈനീസിൽ ഡബ്ബ് ചെയ്ത പതിപ്പിന്റെ കലക്ഷൻ അടക്കം പരിഗണിച്ചാൽ നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗലാണ് ഏറ്റവും വലിയ ഇന്ത്യൻ ബോക്സോഫീസ് ഹിറ്റ്. 2,200 കോടി രൂപയാണ് ചിത്രം നേടിയത്. ബാഹുബലി 2- 1810 കോടിയും, ആർ.ആർ.ആറും കെ.ജി.എഫ് 2 ഉം 1,200 കോടി വീതവും നേടി.
ഷാരൂഖ് ഖാൻ 2013-ൽ ചെന്നൈ എക്‌സ്‌പ്രസിലൂടെയായിരുന്നു ബോളിവുഡിൽ എക്കാലത്തെയും മികച്ച ഹിറ്റ് നേടിയത്. ഇപ്പോൾ, കൃത്യം ഒരു ദശാബ്ദത്തിന് ശേഷം, 2023-ൽ അദ്ദേഹം മറ്റൊരു ചിത്രത്തിലൂടെ അതാവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.